ക്ഷേത്ര മേല്‍ശാന്തി പദം ചെട്ടികുളങ്ങരയമ്മയുടെ അനുഗ്രഹം
1581600
Tuesday, August 5, 2025 11:55 PM IST
മാവേലിക്കര: മറ്റംവടക്ക് കല്ലമ്പള്ളില്‍ അജിനാരായണന്‍ നമ്പൂതിരി(39) ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ പുറപ്പെടാ മേല്‍ശാന്തിയായി നറുക്കെടുക്കപ്പെട്ടത് ചെട്ടികുളങ്ങരയമ്മയുടെ അനുഗ്രഹമാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. 13 വയസു മുതല്‍ കരകളിലെ പറയെടുപ്പിനുള്പ്പെടെ ദേവിയെ എഴുന്നള്ളിച്ചിട്ടുള്ളയാളാണ് നാട്ടുകാര്‍ അജി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന അജിനാരായണന്‍. രാവിലെ ഉലച്ചിക്കാട്ട് ക്ഷേത്രത്തിലെ പ്രഭാത പൂജകള്‍ക്ക് ശേഷം 10.30ന് വീട്ടിലെത്തി വീട്ടിലെ തേവാരത്തില്‍ മന്ത്രജപം നടത്തിക്കൊണ്ടിരിക്കെയാണ് നറുക്കെടുക്കപ്പെട്ട വിവരം സൃഹൃത്തുക്കള്‍ വിളിച്ചറിയിക്കുന്നത്.
മുത്തച്ഛനും അച്ഛനും ഇരുന്ന സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്നും അജിനാരായണന്‍ നമ്പൂതിരി പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ചെട്ടികുളങ്ങര ശാഖയിലെ അസിസ്റ്റന്റ് മാനേജറായ ഭാര്യ എ. ആര്യദേവി അന്തര്‍ജനവും ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇരുവരും ഒരുമിച്ചു ക്ഷേത്രത്തില്‍ തൊഴുത് മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.
കുടുംബത്തിലെ മൂന്നാമന്
പുറപ്പെടാ മേല്‍ശാന്തി പദം വരുന്നതിന് മുന്‍പ് മുത്തച്ഛനായ കല്ലമ്പള്ളില്‍ ഇല്ലം ഈശ്വരന്‍നമ്പൂതിരി 20 വര്‍ഷക്കാലത്തോളം ചെട്ടികുളങ്ങര ദേവീക്ഷേത്ര മേല്‍ശാന്തിയായിരുന്നു. പിന്നീട് പിതൃസഹോദരനായ കല്ലമ്പള്ളി ഇല്ലം ജി. വാമനന് നമ്പൂതിരി 2015-16 വര്‍ഷം ചെട്ടികുളങ്ങര പുറപ്പെടാ മേല്‍ശാന്തിയായിരുന്നു. ഇതിനുശേഷം കല്ലമ്പള്ളില്നിന്ന് മൂന്നാമതായി ചെട്ടികുളങ്ങര മേല്‍ശാന്തി പദത്തിലേക്ക് എത്തുന്നയാളാണ് അജിനാരായണന്‍. കരകളിലെ പറയെടുപ്പ്, അന്‍പൊലി, കുംഭഭരണി എഴുന്നള്ളിപ്പ് എന്നിവയില്‍ സജീവമായി ഭഗവതിയെ എഴുന്നള്ളിക്കുന്നതില്‍ പ്രധാനികളാണ് അജിനാരായണന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ പിതാവ് കെ.ഇ. നാരായണന് നമ്പൂതിരിയും.
ആദ്യ ശ്രമത്തില്‍ത്തന്നെ
മേല്‍ശാന്തി പദം
ചെട്ടികുളങ്ങര ക്ഷേത്രത്തിലേ പുറപ്പെടാ മേല്‍ശാന്തി ലിസ്റ്റില്‍ ആദ്യമായാണ് അജി നാരായണന് നമ്പൂതിരി അപേക്ഷിക്കുന്നത്.ആദ്യ പ്രാവശ്യംതന്നെ അഞ്ച് പേരില്‍ ഒരാളായി ലിസ്റ്റില്‍ ഇടം നേടുകയും നറുക്കെടുക്കപ്പെടുകയുമായിരുന്നു. 2006ല്‍ ദേവസ്വം ബോര്‍ഡില്‍ സേവനം ആരംഭിച്ചു. തൃക്കരിയൂര് ദേവീക്ഷേത്രം, പാവുമ്പ മഹാദേവ ക്ഷത്രം, വെട്ടികുളങ്ങര ക്ഷേത്രം, വെള്ളംകുളങ്ങര ക്ഷേത്രം, എരുവ ക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2021 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു. നിലവില്‍ ഉലച്ചിക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.