സ്കൂട്ടര്‍ ഇടിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു
1581872
Wednesday, August 6, 2025 11:51 PM IST
എടത്വ: റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. എടത്വ മരിയാപുരം തുണ്ടിപ്പറമ്പില്‍ റ്റി.എന്‍. മോഹനന് (71) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് എടത്വ-തകഴി സംസ്ഥാനപാതയില്‍ കേളമംഗലം മോട്ടര്തറയ്ക്കു സമീപമാണ് അപകടം.
ഗുരുതര പരിക്കുകളോടെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന് ഇന്നലെ രാവിലെ 10ന് മരിക്കുകയായിരുന്നു. രണ്ടു യുവതികള്‍ സഞ്ചരിച്ച സ്കൂട്ടറാണ് മോഹനനെ ഇടിച്ചുവീഴ്ത്തിയത്. കരിങ്കല്ല് കോണ്‍ട്രാക്ടറായ മോഹനന് കേളമംഗലം ഭാഗത്ത് കല്ല് ഇറക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതാണ്.
കടമാട്, കരീശേരില്, ചന്ദനപ്പറമ്പ് കുടുംബക്കാവ് ശ്രീദേവീ ക്ഷേത്രത്തിന്റെ മുഖ്യരക്ഷാധികാരിയും ക്ഷേത്രം ശാന്തിയുമാണ്. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ഉഷ. പൊടിയാടി പീടികപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സുഭാഷ്, സുനിത. മരുമക്കള്‍: സജി, മഞ്ജു.