എടത്വ സെന്റ് അലോഷ്യസ് കുട്ടികള്‍ ഇന്റേണ്‍ഷിപ്പിലേക്ക്
1582118
Thursday, August 7, 2025 11:26 PM IST
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിലേക്ക്. 2024-25 വര്‍ഷത്തെ മാരത്തണ്‍ മത്സരത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ യദു കൃഷ്ണന്, ശിവനന്ദന്, കെ.എസ്. യദു, ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ അക്ഷയ് സന്തോഷ്, ശ്രീദേവ് സുരേഷ്, കെ.എസ്. അനന്തകൃഷ്ണന് എന്നിവര്‍ സ്റ്റുഡന്റ് ഇന്നവേഷന്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഈ കുട്ടികള്‍ക്ക് ആവശ്യമായ ധനസഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ നല്‍കുന്നത് അടല്‍ ഇന്നവേഷന്‍ മിഷന്, മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്‍, മിനിസ്റ്ററി ഓഫ് ഇന്നവേഷന്‍ സെല്‍ എന്നിവ ചേര്‍ന്നാണ്. ദേശീയ തലത്തില്‍ ഒരു ലക്ഷം ആശയങ്ങള്‍ കുട്ടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി സമര്‍പ്പിച്ചു. ഇതില്‍നിന്നു ശ്രദ്ധേയമായ 1000 ആശയങ്ങള്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രോട്ടോടൈപ്പുകള്‍ സമര്‍പ്പിച്ചത് സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിന്നുമാണ്. സ്കൂളിലെ എടിഎല്‍ ലാബിന്റെ സഹായത്താലാണ് കുട്ടികള്‍ തങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ നിര്‍മിച്ചത്. 25 ടീമുകളില്‍ നിന്നും 74 കുട്ടികള്‍ സ്കൂള്‍ ഇന്നവേഷന്‍ മാരത്തണില്‍ പങ്കെടുത്തു. എടിഎല്‍ കോ ഓര്‍ഡിനേറ്ററും അധ്യാപകനുമായ ജെസ്റ്റില്‍ കെ. ജോണ്‍, ഹെഡ്മാസ്റ്റര് ജിനോ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.