വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് ആലപ്പുഴ വഴി സര്‍വീസ് അനുവദിക്കണം: കെ.സി. വേണുഗോപാല്‍
1582124
Thursday, August 7, 2025 11:26 PM IST
അന്പലപ്പുഴ: സെപ്റ്റംബറില്‍ ആരംഭിക്കുന്ന കേരളത്തിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് ആലപ്പുഴ വഴി സര്‍വീസ് അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തുനല്‍കി.
തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ ഒരു വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസുണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങളില്‍നിന്ന് മനസിലാക്കുന്നത്. ആലപ്പുഴ വഴിയുള്ള തീരദേശപാത ഏറ്റവും തിരക്കേറിയതും തദ്ദേശീയരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്നതുമായ പാതയാണ്.
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന ദൈനംദിന യാത്രക്കാരും ദീര്‍ഘദൂര യാത്രക്കാരും തെരഞ്ഞെടുക്കുന്ന പ്രധാന പാതകളിലൊന്നാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണം 15 ശതമാനം വര്‍ധിച്ചു. ഉത്സവ വിനോദസഞ്ചാര സീസണുകളില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഇതുവഴി നിലവില്‍ സര്‍വീസ് നടത്തുന്ന വേണാട് എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്ക് വലിയ തിരക്കാണ്. ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി സഞ്ചരിക്കുന്ന യാത്രക്കാര്‍ അധികമായി ആശ്രയിക്കുന്ന സമയങ്ങള്‍ക്കു പുറമേ ഓണം, ക്രിസ്മസ് പോലുള്ള അവധി ദിവസങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും കെ.സി. വേണുഗോപാല്‍ എംപി കത്തില്‍ ചൂണ്ടിക്കാട്ടി. വന്ദേഭാരത് പോലുള്ള ഉയര്‍ന്ന ഗതാഗതശേഷിയുള്ള ട്രെയിന്‍ ഈ ആവശ്യകതകള്‍ക്കനുസൃതമായ ദീര്‍ഘകാല പരിഹാരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് കുറച്ച് സുഗമവും സുരക്ഷിതവുമായ യാത്രയുടെ പ്രാധാന്യം, സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ കണക്കിലെടുത്ത് ആലപ്പുഴ വഴിയുള്ള തീരദേശ പാതയിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.