ബിന്ദുവിന്റെ 150 പവന് എവിടെ: സഹോദരന് പ്രവീണ്‍
1582117
Thursday, August 7, 2025 11:26 PM IST
ചേർത്തല: തന്റെ ആദ്യ പരാതിയിൽ കൃത്യമായി നടപടി കൈക്കൊണ്ടിരുന്നെങ്കിൽ അന്വേഷണം ഇത്രയും സങ്കീർണമാകുമായിരുന്നില്ലെന്ന് ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ. ആദ്യ അന്വേഷണത്തിൽ പാളിച്ച ഉണ്ടായി എന്നാണ് കരുതുന്നത്. എന്നാല്‍, ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണ്. ആദ്യ അന്വേഷണത്തിലുണ്ടായ പാളിച്ചയാണ് ഇന്നും കേസ് തെളിയിക്കാനാവാതെ കുഴയാൻ കാരണം. 150 പവനിലേറെ സ്വർണാഭരണങ്ങൾ ബിന്ദുവിന്റെ കൈയിലുണ്ടായിരുന്നു.
മാതാപിതാക്കളുടെ സമ്പാദ്യമായിരുന്നു ഇത്. ഈ ആഭരണത്തെപ്പറ്റി അന്വേഷിക്കണം. കൂടാതെ വ്യാജരേഖകൾ ചമച്ച് ബിന്ദുവിന്റെ പേരിലുള്ള വസ്തുവകൾ വിറ്റിരുന്നു. ഇതിലൂടെ ലഭിച്ച വൻതുക എവിടെ പോയെന്നും അന്വേഷണം നടത്തണം. ഇത് രണ്ടും ആദ്യഘട്ടത്തിൽ ഉണ്ടായില്ല. 1999 ലാണ് ജോലി തേടി ഇറ്റലിയിലേക്കു പോകുന്നത്. ഇതിനുശേഷം ബിന്ദുവിനെ കണ്ടിട്ടില്ല. സഹോദരിയുമായി അകൽച്ച ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രവീണ്‍ പറഞ്ഞു.
2017 ലാണ് ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി താൻ ചേർത്തല പോലീസിൽ പരാതി നൽകിയത്. അതിന് രണ്ടു മാസം മുമ്പ് താൻ നേരിട്ട് സെബാസ്റ്റ്യന്റെ വീട്ടിൽപോയി ബിന്ദു എവിടെ എന്ന് അന്വേഷിച്ചിരുന്നു. അന്നേ അയ്യാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിരുന്നു. ചേർത്തലയിലെ എച്ച്ഡിഎഫ്സി ബാങ്കിൽ 50 ലക്ഷം രൂപ ബിന്ദു നിക്ഷേപിച്ചിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ തന്നോട് പറഞ്ഞു.
ഇതിനിടയിൽ ഒരു സ്ത്രീയോട് ബിന്ദുവിനെപ്പറ്റി തിരക്കുന്നതുപോലെ ഫോണിൽ സംസാരിച്ച് അഭിനയിച്ചു. സെബാസ്റ്റ്യന്റെ പെരുമാറ്റത്തിൽ അന്നേ സംശയമുണ്ടായിരുന്നതായും പ്രവീൺ പറഞ്ഞു. ഡിഎൻഎ ടെസ്റ്റിനായി രക്തം നൽകാൻ ഇറ്റലിയിൽനിന്ന് ചേർത്തലയിൽ വന്നതായിരുന്നു പ്രവീൺ.