മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനം ശതാഭിഷക്തയായി
1581870
Wednesday, August 6, 2025 11:51 PM IST
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജനം ശതാഭിഷിക്തയായി. നിലവറത്തളത്തിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ഭക്തരും കുടുംബാംഗങ്ങളും പങ്കാളികളായി. പുലർച്ചേ ഗണപതിഹോമത്തോടെയായിരുന്നു തുടക്കം.
പിന്നാലെ മൃത്യുഞ്ജയഹോമം, വിഷ്ണുപൂജ എന്നിവയും നടന്നു. തുടർന്ന് ശതാഭിഷേക കലശപൂജ തുടങ്ങി.
പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലെ ദശദാനമാണ് തുടർന്നു നടന്നത്. പ്രത്യക്ഷപശുദാ നത്തിനുള്ള ഒരുക്കങ്ങളായിരുന്നു പിന്നീട് നടന്നത്. വൈദികശ്രേഷ്ഠൻ ശ്രീധരൻ നമ്പൂതിരിക്കാണ് പശുവിനെയും കിടാവിനെയും ദാനം ചെയ്തത്.
ശതാഭിഷേകത്തിന്റെ ഏറ്റവും പ്രധാനചടങ്ങായിരുന്ന കലശാഭിഷേകം. തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരിയാണ് കലശാഭിഷേകം നടത്തിയത്. കലശാഭിഷേകത്തിനു ശേഷം കുടുംബാംഗങ്ങൾ വലിയമ്മയ്ക്ക് ദക്ഷിണനൽകി പ്രാർഥിച്ചു. തുടർന്ന് വലിയമ്മ ഇല്ലത്തിന്റെ തെക്കേവാതിലിൽ ഭക്തർക്ക് ദർശനം നൽകി.
വലിയമ്മയുടെ ശതാഭിഷേകം ഇല്ലത്തെ നിലവറയിൽ നടന്നതിനൊപ്പം മണ്ണാറശാല ക്ഷേത്രത്തിലും വിശേൽ ചടങ്ങുകളുണ്ടായിരുന്നു. വൈകുന്നേരം വരെ നീണ്ട സദ്യയിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കാളികളായത്. മണ്ണാറശാല വലിയമ്മയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടികളിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പങ്കെടുത്തു. ഇന്നലെ സിനിമാതാരങ്ങളായ ദേവൻ, അനുശ്രീ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഉൾപ്പെടെ നിരവധി പ്രമുഖരാണ് ക്ഷേത്രത്തിലെത്തിയത്.