സെബാസ്റ്റ്യന്‍ പിടിയിലായത് വെട്ടിമുകളില്നിന്ന്
1581874
Wednesday, August 6, 2025 11:51 PM IST
കോട്ടയം: ചേര്‍ത്തലയിലെ നാലു ദുരൂഹമരണങ്ങളില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന സെബാസ്റ്റ്യന്‍ (67)പോലീസ് കസ്റ്റഡിയിലാകുന്നത് ഏറ്റുമാനൂര്‍ വെട്ടിമുകളിലെ ഭാര്യവീട്ടില്‍ നിന്ന്. അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനത്തില്‍ ചോദ്യം ചെയ്യാന്‍ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തുമ്പോള്‍ ഇക്കാര്യം സെബാസ്റ്റ്യന്‍ ഭാര്യയോടു പറഞ്ഞിരുന്നില്ല. പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനു തലേന്ന് വൈകുന്നേരം വെട്ടിമുകളിലുള്ള ഒരു കടയില്‍നിന്ന് സ്കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ക്ക് നോട്ട് ബുക്കും പേപ്പറും വാങ്ങിക്കൊടുത്തിരുന്നു. ഇതേ കടയില്‍ വീട്ടുസാധനങ്ങള്‍ വാങ്ങിയതില്‍ പന്തീരായിരം രൂപ സെബാസ്റ്റ്യന്‍ കൊടുക്കാനുണ്ട്.
പതിമൂന്ന് വര്‍ഷം മുന്‍പാണ് ചേര്‍ത്തല പള്ളിപ്പുറം ഒന്‍പതാം വാര്‍ഡ് ചെങ്ങുംതറ സെബാസ്റ്റ്യന്‍ അന്പത്തിയാറാം വയസില്‍ വെട്ടിമുകളിലെത്തി നാല്പത്തിയഞ്ചു വയസുകാരിയെ വിവാഹം ചെയ്തത്.
കുറച്ചുകാലം മാത്രമാണ് ഇവര്‍ ചേര്‍ത്തലയിലെ വീട്ടില്‍ താമസിച്ചത്. ഭാര്യയും മകളും ഏറെക്കാലവും വെട്ടിമുകളിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്. സെബാസ്റ്റ്യന്റെ ഭാര്യാ സഹോദരന് അവിവാഹിതനാണ്.
ഇടയ്ക്കിടെ സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ വന്നു താമസിക്കുകയും ചേര്ത്തലയിലേക്കെന്ന പേരില്‍ ദിവസങ്ങളോളം പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തിരുന്നു. ചേര്‍ത്തലയില്‍ പണമിടപാടുണ്ടെന്നും പലിശ വാങ്ങാന്‍ പോവുകയാണെന്നും ഭാര്യയെ ധരിപ്പിച്ചാണ് ഇയാള്‍ പോയിരുന്നത്.
ജെയ്നമ്മയുടെ ദുരൂഹമരണത്തില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായത് പത്രത്തിലും ചാനലുകളിലുംനിന്നാണ് അറിഞ്ഞതെന്ന് ഭാര്യ പറയുന്നു. ഭര്‍ത്താവ് ഇത്രത്തോളം ക്രൂരത ചെയ്യുമെന്നു വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ കരുതുന്നു.
ഭാര്യക്കൊപ്പം ചോദ്യം ചെയ്തു
കോട്ടയം: ജെയ്നമ്മയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പോലീസ് സംശയിക്കുന്ന ചേര്‍ത്തല സ്വദേശി സെബാസ്റ്റ്യനെ ഇന്നലെ ഭാര്യയുടെ സാന്നിധ്യത്തില്‍ കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നുമുതല്‍ നാലു മണിക്കൂര്‍ ചോദ്യം ചെയ്തു.
സെബാസ്റ്റ്യന്‍ നടത്തിയതായി സംശയിക്കുന്ന കൃത്യങ്ങളെപ്പറ്റി വിവരവുമില്ലെന്നാണ് ഭാര്യയുടെ മൊഴി. വെട്ടിമുകളിലും ചേര്‍ത്തലയിലും മറ്റും ഭര്‍ത്താവ് മാറിമാറി താമസിക്കുന്നതിനാല്‍ ജെയ്നമ്മ കൊല്ലപ്പെട്ട ദിവസം സെബാസ്റ്റ്യന്‍ എവടെയായിരുന്നുവെന്ന് ഇവര്‍ ഓര്‍മിക്കുന്നില്ല. ചേര്‍ത്തലയിലെ വീട്ടില്‍ ഇവര്‍ വളരെ കുറച്ചുകാലമേ താമസിച്ചിട്ടുള്ളൂ.
സെബാസ്റ്റ്യന്റെ കൃത്യങ്ങളിലൊന്നിലും ഭാര്യക്ക് അറിവോ പങ്കോ ഇല്ലെന്നാണ് സൂചന. ആറ് ദിവസം തുടരെ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ യാതൊന്നും പറയാന്‍ തയാറാകുന്നില്ല. ജെയ്നമ്മയെ കൊലചെയ്തതില് വ്യക്തമായ തെളിവുകള്‍ നിരത്തിയപ്പോള്‍ പരസ്പരവിരുദ്ധ മറുപടിയാണ് നല്‍കുന്നത്. ഗൗരവത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ പുച്ഛഭാവത്തില്‍ ചിരിക്കും. ചിലപ്പോള്‍ തല കുമ്പിട്ടിരിക്കും.
പ്രമേഹമുള്ളതിനാല്‍ ക്ഷീണവും ഉറക്കവും അഭിനയിക്കും. ഈ സാഹചര്യത്തിലാണ് ഭാര്യയെ വിളിച്ചുവരുത്തിയത്. യാതൊരു ഭാവഭേദവുമില്ലാതെ ഭാര്യയോട് വീട്ടുവിശേഷങ്ങള്‍ പ്രതി ആരായുകയും ചെയ്തു.
സെബാസ്റ്റ്യന്റെ കൂര്‍മ ബുദ്ധി വലയ്ക്കുന്നു
ചേര്‍ത്തല: സ്ത്രീകളുടെ തിരോധാനകേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് സെബാസ്റ്റ്യന്റെ കൂർമബുദ്ധിയും തന്ത്രങ്ങളും വലിയ അന്വേഷണം ദുഷ്കരമാക്കുന്നു. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള സെബാസ്റ്റ്യന്‍ ആദ്യം ഒരു സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. പിന്നീട് അംബാസിഡര്‍ കാര്‍ വാങ്ങി ടാക്സി ഓടി. ഇതിനിടയിലാണ് സ്ഥലക്കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. ഈ കാലയളവിലാണ് കാണാതായെന്നു പറയുന്ന സ്ത്രീകളുമായി സെബാസ്റ്റ്യന്‍ ബന്ധപ്പെടുന്നത്.
നാലു സ്ത്രീകളുടെ തിരോധാനക്കേസ് മുന്നിലുണ്ടെങ്കിലും അതു സെബാസ്റ്റ്യനുമായി കണക്ട് ചെയ്യാന്‍ കൃത്യമായ തെളിവ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, റഡാര്‍ സംവിധാനം തുടങ്ങി എല്ലാവിധ രീതിയിലും അന്വേഷണം നടത്തിയിട്ടും സെബാസ്റ്റ്യനെതിരെ കൃത്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു ലഭിച്ച അസ്ഥിക്കഷണങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം കാണാതായ സ്ത്രീകളുടേതാണെന്നു തെളിഞ്ഞാല്‍ മാത്രമേ ഇയാളെ പ്രതിക്കൂട്ടിലാക്കാനാകൂ. അതേസമയം, ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ആരോഗ്യപ്രശ്നം ചൂണ്ടികാട്ടിയാണ് നിസഹകരിക്കുകയാണ് ഇയാൾ. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് നിലപാട്.
നാലു സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന രീതിയിലുള്ള പ്രചരണം നടക്കുമ്പോഴും അയാള്‍ സൗമ്യനാണെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നു വിശ്വസിക്കുന്നില്ലെന്നുമാണ് സെബാസ്റ്റ്യന്റെ ഭാര്യ പോലും പറയുന്നത്.