ആധുനിക ഗൈനക്കോളജി വിഭാഗം ഒരുക്കി മാലക്കര ആശുപത്രി
1581862
Wednesday, August 6, 2025 11:51 PM IST
ചെങ്ങന്നൂർ: ആധുനിക ഗൈനക്കോളജി വിഭാഗം ഒരുക്കി മാലക്കരയിലെ സെന്റ് തോമസ് ആശുപത്രി. സിംഗപ്പൂർ ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കിൻഡർ മെഡിക്കൽ ഗ്രൂപ്പ് ആണ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഒരുക്കുന്നത്.
പണമില്ലാത്തതുകൊണ്ട് ഒരു സ്ത്രീക്കും ചികിത്സ നിഷേധിക്കില്ല എന്ന ബോർഡ് ആശുപത്രിക്കു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ലാഭത്തിനപ്പുറം സേവനം നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.
2025 ഒക്ടോബർ ഒന്നിനു പ്രവർത്തനം തുടങ്ങും. 2011ൽ ചേർത്തലയിൽ കിൻഡർ വുമൺ ആശുപത്രിയും ഫെർട്ടിലിറ്റി സെന്ററും ആരംഭിച്ചാണ് കിൻഡർ മെഡിക്കൽ ഗ്രൂപ്പ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. തുടർന്ന് 2018ൽ കൊച്ചിയിലും 2022ൽ ബംഗളൂരുവിലും 2023ൽ ആലപ്പുഴയിലും കിൻഡർ ആശുപത്രികൾ ആരംഭിച്ചു.
ഡോ. എ. ചെറിയാന്റെയും ഡോ. രാജമ്മ ചെറിയാന്റെയും നേതൃത്വത്തിൽ സ്ഥാപിതമായതും ഇപ്പോൾ ഡോ. ചാർലിയുടെ മേൽനോട്ടത്തിൽ സേവനം നൽകുന്നതുമായ സെന്റ് തോമസ് ആശുപത്രിയുമായി ചേർന്നാണ് സംരംഭം. സമൂഹത്തിന്റെ മുഴുവൻ ആരോഗ്യപരിപാലനത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും കിൻഡർ ആശുപത്രി കൈത്താങ്ങാകുമെന്ന് അധികൃതർ പറഞ്ഞു.