ആശുപത്രി വാർഡിലെ സ്റ്റാൻഡുകൾ സ്റ്റാൻഡ് വിട്ടു!
1581605
Tuesday, August 5, 2025 11:55 PM IST
അമ്പലപ്പുഴ: രോഗികൾക്കു ഡ്രിപ്പിടാൻ സ്റ്റാൻഡില്ല. ട്രിപ് ഇടണമെങ്കിൽ മരുന്നു തീരും വരെ കൂട്ടിരിപ്പുകാർ ബോട്ടിലും പിടിച്ചുകൊണ്ടു നിൽക്കണം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥിതിയാണിത്.
ഇതിനൊപ്പം യൂണിറ്റ് ചീഫുമാർ വാർഡുകളിൽ പരിശോധനയ്ക്കെത്താറില്ലെന്ന പരാതി വേറെ. നൂറുകണക്കിനു രോഗികൾ എത്തുന്ന ആശുപത്രിയിൽ ജീവനക്കാരുടെ കുറവു കൂടിയാകുന്പോൾ രോഗികളുടെ കാര്യം കഷ്ടം. ആവശ്യത്തിനു സ്റ്റാൻഡില്ലാത്തതിനാൽ ഒരു രോഗിയുടെ ഉപയോഗ ശേഷം മാത്രമേ മറ്റൊരു രോഗിക്കു ഡ്രിപ് സ്റ്റാൻഡ് ലഭിക്കൂ. ഇതുമൂലം പല രോഗികൾക്കും ആവശ്യ സമയത്തു ഡ്രിപ് നൽകാനാനാവാത്ത സ്ഥിതിയാണ്. രോഗികളുടെ ബന്ധുക്കൾ ഡ്രിപ് സ്റ്റാൻഡ് ആവശ്യപ്പെടുമ്പോൾ ജീവനക്കാർ നിസഹായതോടെ കൈമലർത്തുന്നു.
ജീവനക്കാരുടെ നെട്ടോട്ടം
നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരും ആവശ്യത്തിന് പല വാർഡുകളിലുമില്ല. ഇതോടെ ഡ്യൂട്ടിയുള്ളവർ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ കുറവിനെക്കുറിച്ച് ഏറെക്കാലമായി പരാതിയുണ്ടെങ്കിലും ഇതുവരെ ജീവനക്കാർ എത്തിയിട്ടില്ല. കൂടാതെ പല വാർഡിലും യൂണിറ്റ് ചീഫുമാരായ ഡോക്ടർമാരെ കണികാണാൻ പോലുമില്ലെന്നാണ് രോഗികളുടെ ബന്ധുക്കളുടെ പരാതി. കേസ് ഷീറ്റിൽ യൂണിറ്റ് ചീഫിന്റെ പേര് കാണുമെങ്കിലും ഭൂരിഭാഗം യൂണിറ്റ് ചീഫുമാരും വാർഡുകളിൽ രോഗികളെ പരിശോധിക്കാനായി എത്താറില്ലത്രേ. പിജി, ഹൗസ് സർജൻമാർ മാത്രമാണ് വാർഡുകളിലെ രോഗികളെ പരിശോധിക്കുന്നത്.
പഴയ സ്റ്റാഫ്
പാറ്റേൺ
ലക്ഷങ്ങളും കോടികളും ചെലവഴിച്ച് ആധുനിക കെട്ടിടങ്ങൾ നിർമിച്ചാൽ മാത്രം പോരാ അതിനുള്ളിൽ സൗകര്യങ്ങൾകൂടി ഒരുക്കണമെന്നാണ് ആവശ്യം. പതിറ്റാണ്ടുകൾക്കു മുമ്പുള്ള സ്റ്റാഫ് പാറ്റേണിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നത്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരുടെ കൂട്ടാൻ തടസമെന്നു പറയുന്നു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നു വിവിധ സർവീസ് സംഘടനകളും ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനമാകുന്നില്ല.