തെക്കേക്കര സ്കൂളിൽ അവധിയെടുക്കാതെ വെള്ളം
1581597
Tuesday, August 5, 2025 11:55 PM IST
ഹരിപ്പാട്: സ്കൂൾ തുറന്ന് രണ്ടു മാസം കഴിഞ്ഞിട്ടും പള്ളിപ്പാട് തെക്കേക്കര ഗവ. എൽപി സ്കൂൾ വളപ്പ് വെള്ളത്തിൽത്തന്നെ. ഏറെ ബുദ്ധിമുട്ടിയാണ് അധ്യാപകരും കുട്ടികളും ഇവിടെയെത്തുന്നത്. റോഡിൽനിന്നു സ്കൂളിലേക്കുള്ള വഴി മുഴുവൻ വെള്ളമാണ്. സ്കൂൾ പരിസരമാകെ മലിനജലം. സ്കൂൾ പരിസരം മുഴുവൻ വെള്ളത്തിലായതിനാൽ ഇവിടെ പ്രവേശനോത്സവം നടന്നിരുന്നില്ല. രണ്ടു ദിവസം കളക്ടർ സ്കൂളിന് അവധിയും നൽകിയിരുന്നു. വെള്ളമിറങ്ങിയ ശേഷമാണ് പിന്നീട് ക്ലാസ് തുടങ്ങിയത്. എന്നാൽ, രണ്ടു മാസത്തിനിടെ നാലു തവണയാണ് വെള്ളപ്പൊക്കമുണ്ടായത്. അപ്പോഴൊക്കെ സ്കൂളും പരിസരവും മുങ്ങി.
മാലിന്യം അടിയുന്നു
വെള്ളപ്പൊക്കത്തിൽ വന്നടിയുന്ന മാലിന്യം സ്കൂൾ പരിസരമാകെയുണ്ട്. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നു. സമീപത്തെ കുളം നിറയുമ്പോഴും സ്കൂൾ പരിസരം വെള്ളത്തിലാകും. വെള്ളമിറങ്ങുമ്പോൾ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനു ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
അച്ചൻകോവിലാറിന്റെ തീരത്തെ ഇരുപത്തെട്ടിൽ കടവിലാണ് തെക്കേക്കര സ്കൂൾ. ആറ് ചുറ്റിയാണ് ഇവിടെയൊഴുകുന്നത്. വെള്ളം ഉയരുമ്പോൾ നേരേ സ്കൂളിലേക്ക് ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്കം മൂലം പ്രധാന റോഡും തകർന്നു. സ്കൂളിന്റെ പരിസരങ്ങളിലെ വീടുകളിലും വെള്ളം ഒഴിഞ്ഞിട്ടില്ല. അതേസമയം, വെള്ളക്കെട്ടിന്റെ ദുരിതങ്ങളുണ്ടെങ്കിലും ക്ലാസുകൾ മുടങ്ങാതെ നടക്കുന്നതായി പ്രധാനാധ്യാപിക എലിസബത്ത് പറഞ്ഞു.
ഇനിയും പൊളിക്കുന്നില്ല
വീഴാറായ കെട്ടിടം
തെക്കേക്കര ഗവ എൽപി സ്കൂളിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിക്കാത്തതും ഭീഷണിയാണ്. കുട്ടികൾ ഈ കെട്ടിടത്തിലേക്കു കയറാൻ സാധ്യതയുണ്ട്. അപകട മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂരകൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. കാറ്റിലും മഴയിലും ഓടുകൾ പറന്നുപോകുന്നതും പതിവാണ്. തുടർച്ചയായുള്ള വെള്ളപ്പൊക്കവും കെട്ടിടത്തെ കൂടുതൽ അപകട സ്ഥിതിയിലാക്കി.
കെട്ടിടം അപകടനിലയിലായതിനാൽ എൻടിപിസി നിർമിച്ചു നൽകിയ മറ്റൊരു കെട്ടിടത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനു കത്തു നൽകിയിരുന്നതായി പള്ളിപ്പാട് പഞ്ചായത്തധികൃതർ പറഞ്ഞു. എന്നാൽ, തുടർനടപടികളായിട്ടില്ല. ഇതാണ് പൊളിക്കൽ വൈകാൻ കാരണം.