മണ്ഡലകാലം തുടങ്ങാൻ മാസങ്ങൾ മാത്രം; ഇടത്താവളം നിർമാണം ഇഴയുന്നു
1582120
Thursday, August 7, 2025 11:26 PM IST
ചെങ്ങന്നൂർ: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെങ്ങന്നൂർ ഇടത്താവള നിർമാണം തീർക്കാനാകുമോയെന്ന് ആശങ്ക. തീർഥാടകർക്കായി ചെങ്ങന്നൂരിൽ നിർമിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ പണി പകുതിയിലധികം ഇനിയം ബാക്കിയാണ്. ഈ മണ്ഡലകാലത്തിനു മുൻപ് ഇടത്താവളം തുറക്കുമെന്ന് ദേവസ്വം ബോർഡും മന്ത്രി സജി ചെറിയാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിപുല സൗകര്യങ്ങൾ
പദ്ധതിയും സൗകര്യങ്ങളും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിൽ 45 സെന്റ് സ്ഥലത്താണ് 10.48 കോടി രൂപ ചെലവിൽ മൂന്നുനില കെട്ടിടം നിർമിക്കുന്നത്. ഏകദേശം 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടം ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിൽ എത്തിച്ചേരുന്ന ആയിരക്കണക്കിനു തീർഥാടകർക്കു സഹായമാകും. സീസൺ സമയത്ത് പ്രതിദിനം 15,000 മുതൽ 20,000 വരെ തീർഥാടകർ ചെങ്ങന്നൂരിലെത്തുന്നുണ്ട്.
താഴത്തെ നിലയിൽ 25 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒന്നാം നിലയിൽ 300 പേർക്കു വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും. രണ്ടാം നിലയിൽ 350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപവും പാചകശാലയും ഉണ്ടാകും.
മറ്റ് ഇടത്താവളങ്ങൾ:
കിഫ്ബി ഫണ്ടിൽനിന്ന് 116 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഉൾപ്പെടെ ആറ് ഇടത്താവളങ്ങളാണ് നിർമിക്കുന്നത്. കഴക്കൂട്ടം, എരുമേലി, നിലയ്ക്കൽ, ചിറക്കര, മണിയങ്കോട് എന്നിവിടങ്ങളാണ് മറ്റ് ഇടത്താവളങ്ങൾ. ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അയ്യപ്പസേവാ സമാജം, ഹിന്ദു ഐക്യവേദി, അയ്യപ്പസേവാ സംഘം തുടങ്ങിയ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണത്തിലെ കാലതാമസം വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് ഇടത്താവളം തുറക്കാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഭക്തജനങ്ങൾ.
നിർമാണത്തിലെ കാലതാമസം
2022ൽ ആരംഭിച്ച നിർമാണമാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വയറിംഗ്, പ്ലംബിംഗ്, ടൈൽസ് തുടങ്ങിയ ജോലികൾ പൂർത്തിയായിട്ടില്ല. ഒന്നാം നില വാർക്കാനുള്ള ജോലികളും പുരോഗമിക്കുന്നു. നിലവിൽ തട്ട് അടിച്ച് കമ്പി കെട്ടുന്ന ജോലികളാണ് നടക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷനാണ് കരാറെടുത്തിരിക്കുന്നത്. ഇവർ ഉപകരാറുകൾ നൽകിയാണ് നിർമാണം നടത്തുന്നത്. നിർമാണം വേഗത്തിലാക്കാൻ കരാറുകാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സീസൺ തുടങ്ങുന്നതിനു മുൻപ് ഇടത്താവളം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറയുന്നു.