ലോറി തകരാറിലായി; റേഷൻ വിതരണം താറുമാറായി
1582122
Thursday, August 7, 2025 11:26 PM IST
മങ്കൊമ്പ്: ലോറി തകരാറിലാ യതിനെത്തുടർന്ന് റേഷൻ കടകളിൽ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ രണ്ടു ദിവസങ്ങളായി പെരുവഴിയിൽ കിടക്കുന്നതായി ആക്ഷേപം. കുട്ടനാട് താലൂക്കിലെ എആർഡി 120, 126 എന്നീ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണത്തിനെത്താതെ വഴിയിൽ കിടക്കുന്നത്.
ഡോർ ഡലിവറി സംവിധാനത്തിന്റെ ഭാഗമായി കൊണ്ടിവരുന്നതിനിടയിൽ ബുധനാഴ്ചയാണ് ചമ്പക്കുളം സിഎംഐ ആശ്രമത്തിനു സമീപമെത്തിയപ്പോൾ ലോറി തകരാറിലായത്. ഇതെത്തുടർന്ന് പലവട്ടം കരാറുകാരനെയും സപ്ലൈകോ ഉദ്യോഗസ്ഥരെയും സമീപിച്ചു സാധനങ്ങൾ കടകളിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യപ്പെട്ടതായി വ്യാപാരികളുടെ പ്രതിനിധികൾ പറയുന്നു.
എന്നാൽ, ലോറിയുടെ തകരാർ ഉടൻ പരിഹരിക്കാമെന്ന മറുപടിയല്ലാതെ, ഇന്നലെ വൈകുന്നേരം വരെ യാതൊരു നടപടിയും ആയില്ലെന്നും ഇവർ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽനിന്നും ലോറിയിൽ കയറ്റിയാൽ അന്നുതന്നെ കടകളിൽ ഇറക്കണമെന്നാണു നിബന്ധനയെന്നാണ് വ്യാപാരികൾ പറയുന്നത്. പോർട്ടബിലിറ്റി സംവിധാനമുള്ളതിനാൽ കാർഡുടമകൾക്ക് ഏതു കടകളിൽനിന്നുവേണമെങ്കിലും റേഷൻ സാധനങ്ങൾ വാങ്ങാവുന്നതാണ്.
രണ്ടുദിവസത്തെ ഇടവേളയുണ്ടായതോടെ കാർഡുടമകൾ മറ്റു കടകളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരാകും. ഇതോടെ ഈ സാധനങ്ങൾ വിൽക്കപ്പെടാതെ കടകളിലിരിക്കുമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവയ്ക്കുന്നു.