ചാരുംമൂട് മേഖലയിൽ കാർഷിക പ്രതിസന്ധി
1582125
Thursday, August 7, 2025 11:26 PM IST
ചാരുംമൂട്: പ്രതികൂല കാലാവസ്ഥയും നിരന്തരം ഉണ്ടാവുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണവും മൂലം ഓണാട്ടുകര ഉൾപ്പെടുന്ന ചാരുംമൂട് മേഖലയിൽ കർഷകർ പ്രതിസന്ധിയിൽ.
വിപണികളിൽ ഇപ്പോൾ നാമമാത്ര കാർഷിക ഉത്പന്നങ്ങളാണ് എത്തുന്നത്. ഓണാട്ടുകരയിലെ കിഴക്കൻമേഖലയിലെ വിപണികളിലേക്കു പത്തനംതിട്ട, കൊല്ലം ജില്ലകളിൽനിന്നായിരുന്നു കച്ചവടക്കാർ എത്തിക്കൊണ്ടിരുന്നത്. ആവശ്യാനുസരണം വിഷരഹിത പച്ചക്കറികളും വാഴക്കുലകളും കാർഷിക വിളകളും ലഭിക്കുന്ന ഹരിത വിപണികളായിരുന്നു ഇവിടം. കഴിഞ്ഞ ദിവസം പാലമേൽ പഞ്ചായത്തിലെ വിപണിയിൽ നാമമാത്രമായ രീതിയിൽ മാത്രമാണ് പച്ചക്കറികളും വാഴക്കുലകളും കാർഷിക വിളകളും എത്തിയത്.
പന്നിശല്യം രൂക്ഷം
കാലംതെറ്റി വരുന്ന മഴയും കാറ്റും ഒരു ഭാഗത്ത് കർഷകർക്കു ദുരിതം സമ്മാനിക്കുമ്പോൾ കാട്ടുപന്നികൾ ഉൾപ്പെടെ കൃഷികളും കാർഷിക വിളകളും നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ കിഴക്കൻ വെള്ളത്തോടൊപ്പം വന്ന കാട്ടുപന്നികൾ ആദ്യം ഇറങ്ങിയത് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി, പയ്യനല്ലൂർ, നൂറനാട് എന്നിവിടങ്ങളിൽ ആയിരുന്നു.
കൃഷിനശിച്ച കർഷകർക്ക് ഒരു രൂപ പോലും സഹായവും ലഭിച്ചിട്ടില്ല. താമരക്കുളം, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലും സമാന അവസ്ഥയാണ്. ഓണത്തിനായി കൃഷി ചെയ്ത പച്ചക്കറികളും കൃഷികളും കാറ്റും മഴയും വില്ലനായി എത്തി കവർന്നെടുത്തു. കാട്ടുപന്നികളെ തുരത്താൻ താമരക്കുളം, പാലമേൽ പഞ്ചായത്തുകളിൽ സോളർ വേലികളും മറ്റും സ്ഥാപച്ചെങ്കിലും ശല്യത്തിന് അറുതിയായില്ല.
ഏത്തക്കുല വിപണി
ഏക്കർ കണക്കിന് സ്ഥലത്താണ് പാലമേൽ, താമരക്കുളം, നൂറനാട്, ചുനക്കര പഞ്ചായത്തുകളിൽ ഏത്തവാഴക്കൃഷി ചെയ്തിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ച് കയറുന്നതിനാൽ ഏത്തക്ക ഉപ്പേരിയുടെ ഉൾപ്പെടെ വിലയും ഉയരും. ചക്കിലാട്ടിയ എണ്ണയുടെ പേരിൽ നൽകുന്ന വെളിച്ചെണ്ണയ്ക്ക് ഒരു ലിറ്ററിന് 500ന് മുകളിൽ വിലയായി.
കേര ഫെഡ് സപ്ലൈകോ മാർക്കറ്റ് വഴി സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വില്പന നടത്തുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെളിച്ചെണ്ണ വില ഓണക്കാലത്ത് കുറഞ്ഞില്ലെങ്കിൽ ഏത്തയ്ക്ക വിപണിയും പ്രതിസന്ധിയിലാവും. നാടൻ ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 100 രൂപ വരെ ഇപ്പോൾ വിലയുണ്ട്. ഓണത്തിന് വീണ്ടും വില കൂടും. അതേസമയം, വെളിച്ചെണ്ണ വില വീണ്ടും കൂടിയാൽ വാഴക്കുലക്കച്ചവടത്തിന് ഇടിവ് സംഭവിക്കാനാണ് സാധ്യതയെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.