വിദ്യാർഥിനികളുടെ സത്യസന്ധതയ്ക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്
1582121
Thursday, August 7, 2025 11:26 PM IST
കറ്റാനം: വനിത സിവിൽ പോലീസ് ഓഫീസറുടെ നഷ്ടപ്പെട്ട സ്വർണമാല തിരികെ നൽകിയ സ്കൂൾ വിദ്യാർഥിനികൾക്ക് പോലീസിന്റെ ആദരവ്. കറ്റാനം പോപ്പ് പയസ് എച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനികളായ രുദ്ര അനിൽ, അൽഹ ഫാത്തിമ എന്നിവരെയാണ് കുറത്തികാട് പോലീസ് സ്കൂളിലെത്തി ആദരിച്ചത്. സ്കൂൾ വളപ്പിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഹെഡ്മാസ്റ്റർ ടി.കെ. സാബുവിനെ വിദ്യാർഥിനികൾ ഏൽപ്പിക്കുകയായിരുന്നു. കുറത്തികാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും സ്കൂളിലെ എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടറുമായ ഐ. നെസിയുടെ മാലയാണ് കുട്ടികൾക്ക് കളഞ്ഞുകിട്ടിയത്.
കുറത്തികാട് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പി.കെ. മോഹിത്, എസ്ഐ ഉദയകുമാർ, എഎസ്ഐമാരായ നൗഷാദ്, പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ കുമാർ, ഐ. നെസി, രഞ്ജിത്, പ്രവീൺ, ശ്യാം കുമാർ, രാജേഷ് എന്നിവർ സ്കൂളിലെത്തി ഉപഹാരം നൽകി വിദ്യാർഥിനികളെ ആദരിക്കുകയായിരുന്നു.