ശക്തമായ കാറ്റും തിരമാലയും; മത്സ്യ ബന്ധനം നിലച്ചു
1581603
Tuesday, August 5, 2025 11:55 PM IST
അമ്പലപ്പുഴ: ന്യൂനമർദത്തെത്തുടർന്ന് കടലിൽ ശക്തമായ തിരമാലയും കാറ്റും ഉയർന്നതിനാൽ ജില്ലയുടെ തീരത്ത് മത്സ്യബന്ധനം നിലച്ചു. കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു ചില വള്ളങ്ങൾ ഇന്നലെ പുലർച്ചെ തോട്ടപ്പള്ളി ഹാർബറിൽനിന്ന് ഇറക്കി പോയെങ്കിലും കാറ്റും കടലും ക്ഷോഭിച്ചതോടെ തിരികെപ്പോന്നു.
പൊന്തുവലക്കാരും പോയില്ല. കള്ളക്കടൽ പ്രതിഭാസമുന്നറിയിപ്പുമുണ്ട്. പുറംകടലിൽ ഉയർന്നുപൊങ്ങുന്ന കൂറ്റൻ തിരമാലകൾ പലഭാഗത്തും കരയിലേക്ക് ആഞ്ഞടിക്കുന്നുണ്ട്. ട്രോളിംഗ് നിരോധനം അവസാനിച്ചതിനു ശേഷം കടലിലേക്കുപോയ ബോട്ടുകൾ പലതും ആഴക്കടലിൽ മത്സ്യബന്ധനത്തിലാണ്.
ഒരാഴ്ച പണിയെടുക്കാനുള്ള ഇന്ധനവും ഭക്ഷണസാമഗ്രഹികളും വെള്ളവും പാചകം ചെയ്യേണ്ട ഉപകരണങ്ങളും കരുതിയാണ് ഇവർ പോയിരിക്കുന്നത്. കടൽ കൂടുതൽ പ്രക്ഷുബ്ധമായാൽ ഇവർ തിരികെ കരയണയും. നീണ്ടകരയിലും തോപ്പുംപടി ഹാർബറിലുമാണ് ജില്ലയിൽനിന്നുള്ള ബോട്ടുകൾ അടുക്കുന്നത്. നിരോധനം അവസാനിച്ചു കടലിൽ പോയബോട്ടുകൾക്ക് ആദ്യ ദിനം പ്രതീക്ഷിച്ചത്ര മത്സ്യം ലഭിച്ചിരുന്നില്ല. അടിക്കടിമാറുന്ന കാലാവസ്ഥ തങ്ങളുടെ പ്രതീക്ഷകളെ തകർത്തെന്നാണ് ഈ മേഖലയിലെ തൊഴിലാളികൾ പറയുന്നത്.