ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
1582119
Thursday, August 7, 2025 11:26 PM IST
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് മൂന്നിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. എച്ച്. സലാം എംഎൽഎ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ അലക്സ് വർഗീസ്, മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജില്ലാ പഞ്ചായത്തംഗം അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി. പത്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ, വടക്ക് പഞ്ചായത്തംഗം റ്റി. ജയപ്രകാശ്, പിടിഎ പ്രസിഡന്റ് കെ.എ. നസീർ, പ്രോതോഡോന്റിക്സ് വകുപ്പ് മേധാവി ഡോ. ഷീല വെർജിനിയ റോഡ്രിഗസ് തുടങ്ങിയവർ പ്രസംഗിക്കും.
പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ഡെന്റല്‍ കോളജ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. 3.85 കോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി പൂര്‍ത്തിയാക്കിയ കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
പഠനത്തിനും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് ക്ലാസ് മുറി, ക്ലിനിക്ക്, 50 പേര്‍ക്ക് ഒരേസമയം പരീക്ഷ എഴുതാന്‍ കഴിയുന്ന ഹാൾ, 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി, പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നഴ്സുമാര്‍ക്കായി പ്രത്യേകം മുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. ഒരു ക്ലാസില്‍ 50 കുട്ടികള്‍ വീതം ആറു ബാച്ചുകളാണ് കോളജിലുള്ളത്.
ഓറല്‍ മെഡിസിന് ആൻഡ് റേഡിയോളജി, കൃത്രിമ ദന്തരോഗ വിഭാഗം, മോണ രോഗവിഭാഗം, കണ്‍സര്‍വേറ്റിവ് ഡെന്റിസ്ട്രി ആന്‍ഡ് എന്ഡോഡോണ്ടിക്സ്, ദന്തരോഗ വിഭാഗം, ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി, കുട്ടികളുടെ ദന്തരോഗ വിഭാഗം, സാമൂഹിക ദന്തരോഗ വിഭാഗം, ഓറല്‍ പത്തോളജി തുടങ്ങിയ ഒമ്പതു വിഭാഗങ്ങളാണ് മെഡിക്കല്‍ കോളജിലുള്ളത്. ദിവസം രണ്ടു മണിക്കൂര്‍ തിയറി ക്ലാസുകളും ബാക്കി സമയം പ്രാക്ടിക്കൽ ക്ലാസുകളും നടക്കും. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചമാക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളും ക്വാര്‍ട്ടേഴ്സുകളും അടുത്തഘട്ടത്തില്‍ പൂര്ണമാക്കാനുള്ളനടപടികള് പുരോഗമിക്കുകയാണ്.
2014ലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വണ്ടാനത്ത് ഡെന്റല്‍ കോളജിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുന്നത്. തുടർന്ന് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിൽ കോളജിന്റെ പ്രവർത്തനം ആരംഭിച്ചു. മൂന്നു നിലകളുള്ള പുതിയ കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും ആദ്യനിലമാത്രമാണ് പൂർത്തിയാക്കാനായത്.
ഒറ്റ നിലയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കോളജിന്റെ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചില്ല. തുടർന്നാണ് മറ്റ് രണ്ടു നിലകളുടെ നിർമാണം ആരംഭിച്ചത്.