ഹരിതമിത്രം 2.0 പൈലറ്റ് റണ്‍ നഗരസഭയില്‍ തുടക്കം
1581863
Wednesday, August 6, 2025 11:51 PM IST
ആലപ്പുഴ: നഗരത്തിലെ എല്ലാ വീടുകളും വാണിജ്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹരിതമിത്രം ആപ്പിന്റെ പരിധിയില്‍ വന്നതോടെ കെ-സ്മാര്‍ട്ടുമായി ലിങ്ക് ചെയ്ത് വീടുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട നമ്പരുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നഗരത്തിലെ മുഴുവന്‍ കേന്ദങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളുടെ സേവനം ഉറപ്പാക്കുന്നതിനാണ് ഹരിതമിത്രം 2.0 ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന സിറ്റിസണ്‍ ലോഗിനും ഇതില്‍ ലഭ്യമാണ്.
കെട്ടിടനമ്പരിന്റെ അടിസ്ഥാനത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ ഓരോ വീടിന്റെയും സ്ഥാപനത്തിന്റെയും വിവര ശേഖരണം നടത്തി ആപ്പിലേക്ക് അപ് ലോഡ് ചെയ്യുന്നു.
ഹരിതമിത്രം 1.0 ആപ്പിലെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചുള്ള പുതിയ വെര്‍ഷനാണ് അവതരിപ്പിക്കുന്നത്. നഗരസഭയുടെ രേഖകളില്ലാത്ത ഏതെങ്കിലും കെട്ടിടനമ്പര്‍ ഉള്‍പ്പെട്ടാല്‍ വേഗം തിരിച്ചറിയാനും കുടിശികയുള്ള കെട്ടിടങ്ങളുടെ വിവരം, മുന്‍കൂറായി പണം അടയ്ക്കാനുള്ള സൗകര്യം എന്നിവ പുതിയ ആപ്പിലൂടെ സാധിക്കും.
ജില്ലയില്‍ ആലപ്പുഴ നഗരസഭയിലും കൈനകരി പഞ്ചായത്തിലും പൈലറ്റ് റണ്‍ ആയി നടപ്പിലാക്കുന്ന പദ്ധതികൾ ജനപ്രതിനിധികള്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനത്തോടെ പൂര്‍ത്തീകരിക്കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ച കൗണ്‍സിലില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, നസീര്‍ പുന്നയ്ക്കല്‍, ആര്. വിനിത, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സൗമ്യരാജ്, കക്ഷിനേതാക്കളായ റീഗോ രാജു, ഡി.പി. മധു, പി. രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.