ഹൈക്കോടതി ഉത്തരവ്: പുത്തൻതോട് പാലത്തിന്റെ മുട്ടുകൾ തുറന്നു
1584990
Tuesday, August 19, 2025 11:35 PM IST
പുളിങ്കുന്ന്: പരാതികളും സമരങ്ങളും ഫലം കാണാതായതോടെ പുളിങ്കുന്ന് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവിൻപ്രകാരം പാലത്തിന്റെ മുട്ടുകൾ പൂർണമായും തുറന്നു. പുളിങ്കുന്ന് പുത്തൻതോടിനു കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണ ജോലികൾ മാസങ്ങളായി നിലച്ചതിനെത്തുടർന്നാണ് പഞ്ചായത്ത് കോടതിയെ സമീപിച്ചത്.
2021ൽ നിർമാണജോലികൾ ആരംഭിക്കുന്നതിനാണ് പാലത്തിനിരുവശങ്ങളിലായി പുത്തൻതോടിനു കുറുകെ താത്കാലിക ബണ്ട് നിർമിച്ചത്. ഇതോടെ തോട്ടിൽ ഒഴുക്ക് നിലച്ച് പോളയും മറ്റ് മാലിന്യങ്ങളും നിരയുകയും ഗതാഗതതടസം നേരിടുകയും ചെയ്തിരുന്നു.
പലവട്ടം നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഫയൽ ചെയ്തതിനുശേഷം കോടതി കമ്മീഷനെ നിയോഗിച്ചിരുന്നു.
കഴിഞ്ഞദിവസങ്ങളിൽ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തോടിന്റെ അവസ്ഥയും ജനങ്ങളുടെ ദുരിതവും മനസിലാക്കിയതോടെ മുട്ടുകൾ പൂർണമായും തുറക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ഇറിഗേഷൻ വകുപ്പാണ് മുട്ടുകൾ തുറന്നത്. പഞ്ചായത്ത് മുൻ സെക്രട്ടറി ആഷ്ലി നായർ, മുൻ വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.