മരം മുറിക്കുന്നതിനിടെ കാലിന്റെ അസ്ഥി പൊട്ടി; തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷിച്ചു
1585397
Thursday, August 21, 2025 6:40 AM IST
ചെങ്ങന്നൂര്‍: വെണ്മണിയില് മരം മുറിക്കുന്നതിനിടെ വടം കാലില്‍ കുരുങ്ങി കാലിന്റെ അസ്ഥി പൊട്ടിയ തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെണ്മണി, അറയ്ക്കല്‍ കടയ്ക്കാട് സ്വദേശി അനീഷ് (40) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് 4.15-ഓടെ വെണ്മണി ആശ്രമപ്പടിക്ക് സമീപം അശോകന്റെ പറമ്പിലെ പ്ലാവ് മുറിക്കുന്നതിനിടെയാണ് സംഭവം.
ഏകദേശം 60 അടി ഉയരമുള്ള പ്ലാവില്‍ 40 അടി മുകളിലാണ് അനീഷ് കയറിയത്. മരക്കൊമ്പുകള്‍ മുറിച്ചു വടം ഉപയോഗിച്ച് താഴേക്കിടുന്നതിനിടെ വടം കാലില്‍ കുടുങ്ങി. ഇതോടെ അനീഷിന്റെ കാലിലെ അസ്ഥി പൊട്ടി രക്തം വാര്‍ന്നൊലിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ അവശനിലയിലായ അനീഷിനെ മരത്തില്‍ കെട്ടിവച്ചശേഷം ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം ഏണിയും വലയും ഉപയോഗിച്ച് അനീഷിനെ സുരക്ഷിതമായി താഴെയിറക്കി. ഉടന്‍ തന്നെ കൊല്ലകടവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.