നെഹ്റു ട്രോഫി: മാവേലിക്കര താലൂക്കിനും അവധി നൽകണം
1584995
Tuesday, August 19, 2025 11:35 PM IST
മാവേലിക്കര: ആലപ്പുഴ പുന്നമടക്കായലിൽ 30ന് നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിന് പൊതുഭരണവകുപ്പ് പ്രഖ്യാപിച്ച പ്രാദേശിക അവധിയിൽനിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കരുതെന്നും ജലോത്സവത്തിന്റെ ഭാഗമാകുന്ന മാവേലിക്കര താലൂക്കിനെ ക്കൂടി ഉൾപ്പെടുത്തി ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്. അരുൺകുമാർ എംഎൽഎ മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നൽകി.
ജില്ലയിൽനിന്നുമുള്ള മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, സംസ്ഥാന പൊതുഭരണവകുപ്പ് സെക്രട്ടറി എന്നിവരെയും എംഎൽഎ നേരിൽകണ്ട് വിഷയം അവതരിപ്പിച്ചു. ജലോത്സവം തുടങ്ങിയ കാലം മുതൽ ജില്ലയ്ക്ക് ആകെ അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇത്തവണ പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയിരിക്കുകയാണ്. താലൂ ക്കിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ കത്തു നൽകിയത്.