ഒരു മുറം പച്ചക്കറിയുമായി പദ്ധതിക്കു തുടക്കമിട്ട കൃഷി ഒാഫീസർ റെഡി
1585399
Thursday, August 21, 2025 6:40 AM IST
മാന്നാര്‍: ഓണത്തിനൊരു മുറം പച്ചക്കറി കേരളമെന്പാടും വിളവെടുപ്പിനു പാകമാകുന്പോൾ അതിന്റെ ഉപജ്ഞാതാവും തന്റെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പിന് ഒരുങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിനൊരു മുറം പച്ചക്കറി കാർഷിക പദ്ധതിയുടെ ഉപജ്ഞാതാവാണ് കൃഷി ഓഫീസര്‍ ഹരികുമാര്‍.
കുടുംബങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഗാര്‍ഹിക കൃഷി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതി ഇത് എട്ടാം വർഷത്തിലാണ്. 2017ലാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. ഈ ജനകീയപദ്ധതിയെ വിത്തിട്ട് മുളപ്പിച്ചെടുത്ത മാവേലിക്കര സ്വദേശി ഹരികുമാര്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ മാന്നാര്‍ പഞ്ചായത്ത് കൃഷി ഓഫീസറാണ്. പദ്ധതിയുടെ പേരും ആശയവും ഇദ്ദേഹത്തിന്റേതാണ്.
വീട്ടുവളപ്പിലെ സദ്യ
ഓണത്തിന് അവരവരുടെ വീട്ടുവളപ്പില്‍നിന്നു വിഷരഹിതമായ പച്ചക്കറികള്‍ വിളവെടുത്ത് സദ്യയുണ്ണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. ഓണത്തിന് വിളവെടുക്കാനായി ജൂലൈ ആദ്യ വാരം പച്ചക്കറിതൈകള്‍ നട്ട് തുടങ്ങും. മട്ടുപ്പാവിലോ മുറ്റത്തോ ഗ്രോബാഗിലോ ചട്ടികളിലോ കൃഷി ചെയ്യാം.
2015ല്‍ ഫേസ്ബുക്കിലെ വിവിധ കൃഷിഗ്രൂപ്പുകളിലെ പതിനായിരത്തിലധികം കുടുംബങ്ങളിലൂടെ പരീക്ഷിച്ച് വിജയിപ്പിച്ച ആത്മവിശ്വാസത്തിലാണ് ഹരികുമാര്‍ ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത്. തുടര്‍ന്ന് 2016 ഒക്ടോബറില്‍ തൃശൂര്‍ ബാനര്‍ജി ക്ലബില്‍ ഓണ്‍ലൈന്‍ കാര്‍ഷിക വിപണിയുടെവാര്ഷിക ചടങ്ങില്‍ സംസ്ഥാന കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനില്‍കുമാറില്‍നിന്ന് ആദരവ് ഏറ്റുവാങ്ങി. പദ്ധതിയുടെ റിപ്പോര്‍ട്ട് നേരിട്ടു മന്ത്രിക്കു കൈമാറി.
സർക്കാർ ഏറ്റെടുക്കുന്നു
2017ലും ഇതേവേദിയില്‍ വിഷുക്കണിക്കായി എന്ന പ്രോഗ്രാമിന്റെ വിജയവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയില്നിന്ന് ആദരവ് ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ ഓണത്തിനൊരു മുറം പച്ചക്കറി സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി നേരിട്ടു ഹരികുമാറിനെ അറിയിച്ചു. 2017 ഓണത്തിന് മുമ്പായി പ്രഖ്യാപനം വന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഇതോടൊപ്പം പ്രമുഖ മാധ്യമങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലെ നൂറുമേനി, ഹരിതകേരളം, കൃഷിദീപം, കൃഷി ദര്ശന് തുടങ്ങിയവയിലൂടെയൊക്കെയും കൃഷിവിജ്ഞാന വ്യാപനത്തിലൂടെയും ഹരികുമാര്‍ മലയാളികള്‍ക്കു പ്രിയങ്കരനായി മാറി. ചെങ്ങന്നൂര്‍ ആര്‍ഡി ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാരായ ഭാര്യ ടി.എസ്. പ്രതീക്ഷ, എംഎസ്സി ബയോകെമിസ്ട്രി വിദ്യാര്‍ഥിനിയായ മകള്‍ അഞ്ജലി, ബിസിഎ വിദ്യാര്‍ഥിയായ ആദിത്യന് എന്നിവരും കൃഷിയിൽ ഹരികുമാറിനൊപ്പമുണ്ട്.
ജീവിതം തന്നെ
ഹരികുമാറിന്റെ മട്ടുപ്പാവില്‍ പാവല്‍, പയര്‍, പടവലം, മത്തന്‍, കുമ്പളം, വെള്ളരി, ചുരയ്ക്ക, തക്കാളി, വഴുതന, മുളക്, വെണ്ട ഉള്‍പ്പെടെ ഓണസദ്യയ്ക്ക് ആവശ്യമുള്ള എല്ലാ പച്ചക്കറികളും വിളഞ്ഞു നിൽക്കുന്നു. പൂക്കളമൊരുക്കാനുള്ള ബന്ദിപ്പൂവും കൃഷി ചെയ്തിട്ടുണ്ട്.
പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ഹരിതം ജീവനം, ഹരിതാങ്കണം എന്നീ പദ്ധതികളും ഹരികുമാറിന്റെ ആശയമായിരുന്നു. അമ്മയില്‍നിന്നു പകര്‍ന്നു കിട്ടിയ കൃഷി ഹരികുമാറിന് ഒരു ഉപജീവനമല്ല, ജീവിതം തന്നെയാണ്.
ഡൊമനിക് ജോസഫ്