കാമറ ഷോറൂമിന്റെ ഭിത്തിതുരന്ന് കവർച്ച
1585570
Thursday, August 21, 2025 11:36 PM IST
കായംകുളം: കാമറ അനുബന്ധ സാധനങ്ങൾ വിൽപ്പന നടത്തുന്ന ഷോറൂമിന്റെ ഭിത്തിതുരന്ന് വൻ കവർച്ച. ലക്ഷങ്ങളുടെ സാധനങ്ങൾ അപഹരിച്ചു. കായംകുളം കെപി റോഡിൽ പ്രവർത്തിക്കുന്ന ഫോട്ടോ ലിങ്ക് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ പിന്നിലെ ഭിത്തിതുരന്നാണ് മോഷ്ടാവ് അകത്തു കയറിയത്.
ആറു ലക്ഷം രൂപയോളം വിലവരുന്ന കാമറയും ലെൻസും അടക്കം മോഷണം പോയി. ജീവനക്കാർ ഇന്നലെ രാവിലെ എത്തി കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
കടയിലെ സിസിടിവി പരിശോധിച്ചെങ്കിലും മോഷ്ടാവ് അകത്തു കയറിയ ഉടനെ ഇൻവർട്ടർ ഓഫ് ചെയ്തതോടെ സിസിടിവി കാമറയും ഓഫ് ആയി. ഇതേത്തുടർന്ന് കൂടുതൽ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചില്ല.
എന്നാൽ, സമീപത്തെ വ്യാപാരസ്ഥാപനങ്ങളുടെ സിസിടിവികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കായംകുളത്തെ വ്യാപാരസ്ഥാപനങ്ങളിൽ ഓണക്കാലത്ത് നടക്കുന്ന മോഷണം തടയുന്നതിനായി പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാര വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് ആവശ്യപ്പെട്ടു.