തകര്‍ന്ന് തരിപ്പണമായി എടത്വ നൂറ്റെട്ടിന്ചിറ റോഡ്
1585393
Thursday, August 21, 2025 6:40 AM IST
എടത്വ: പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എടത്വ-നൂറ്റെട്ടിന്ചിറ റോഡ് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായ നിലയില്‍. 2018ലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് ടാറിട്ട റോഡ് പൂര്‍ണമായും തകര്‍ന്നത്. എടത്വ പള്ളിയില്‍നിന്നു നൂറ്റെട്ടിന്ചിറയിലേക്കു പോകുന്ന രണ്ടു കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് എടത്വ പഞ്ചായത്തിലെ ആദ്യ റോഡുകൂടിയാണ്. എത്ര ചെറിയ വെള്ളപ്പൊക്കമുണ്ടായല് പോലും റോഡ് വെള്ളത്തിനടിയിലാകുന്ന അവസ്ഥയിലുമാണ്.
ഒരു അടിയന്തര ഘട്ടമുണ്ടായാല്‍ വാഹനം എത്താന്‍പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ നാലു വെള്ളപ്പൊക്കത്തിലും റോഡില്‍ വെള്ളം കയറിയതിനാല്‍ സഞ്ചാരം പ്രതിസന്ധിയിലാവുകയും റോഡ് പൂര്‍ണമായും തകരുകയുമായിരുന്നു.
നൂറ്റെട്ടിന്ചിറയ്ക്കു പടിഞ്ഞാറുവശമുള്ള ജനങ്ങളും സഞ്ചാരത്തിനായി ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ എടത്വ പള്ളി, കോളജ്, ഐറ്റിഐ, സ്കൂള്‍ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്ന വിദ്യാര്‍ഥികളും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. വെള്ളപ്പൊക്കസമയത്ത് ഒരു രോഗിയെ ഒരു തരത്തിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
കാട്ടുംഭാഗം പാടശേഖരത്തിന്റെ പുറംബണ്ടിന്റെ പകുതി ഭാഗം കൂടിയാണ് ഈ റോഡ്. റോഡ് ഉയര്‍ത്തിയാല്‍ കാട്ടുംഭാഗം പാടശേഖരത്തിലെ കര്‍ഷകര്‍ക്കും പ്രയോജനം ലഭിച്ചേനേ.