നെഹ്റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നത്തിന്റെ പേര് ഇന്ന് പ്രഖ്യാപിക്കും
1585401
Thursday, August 21, 2025 6:41 AM IST
ആലപ്പുഴ: ഈ മാസം 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിയുടെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന് കളക്ടറേറ്റില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ജില്ലാ കളക്ടര്‍ അലക്സ് വര്ഗീസില്നിന്നു പേര് പതിച്ച ഭാഗ്യചിഹ്നം ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷ്റഫ് ഏറ്റുവാങ്ങും.
ക്യാപ്റ്റന്‍സ് ക്ലിനിക് നാളെ
നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായുള്ള ക്യാപ്റ്റന്‍സ് ക്ലിനിക് നാളെ രാവിലെ ഒമ്പതിന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യും. ക്ലിനിക്കില്‍ എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റന്മാരും ലീഡിംഗ് ക്യാപ്റ്റന്മാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കാത്തവരുടെ ബോണസില്‍ 50 ശതമാനം കുറവ് വരുത്തുന്നതാണ്.
വഞ്ചിപ്പാട്ട് രജിസ്ട്രേഷന് 22 വരെ
നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിന് ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ടീം അംഗങ്ങള്‍ ആലപ്പുഴ, മിനി സിവില്‍സ്റ്റേഷന്റെ രണ്ടാം നിലയിലുള്ള എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ചുണ്ടന് വള്ളങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോം 23ന് മുമ്പ് ആലപ്പുഴ, മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയിലുള്ള എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ എത്തിക്കേണ്ടതാണ്. ഫോം എത്തിക്കാത്ത ക്ലബ്ബുകളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല.
നിറച്ചാര്‍ത്ത് മത്സരം 24ന്
പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നിറച്ചാര്‍ത്ത് മത്സരം 24ന് രാവിലെ 9.30ന് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേ ഴ്സണ്‍ കെ.കെ. ജയമ്മ, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന (പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍ പെയിന്റ് ഉപയോഗിക്കാന്‍ പാടില്ല. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.
കളറിംഗ് മത്സരത്തില്‍ ജില്ലയിലെ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നിറം നല്‍കാനുള്ള രേഖാചിത്രം സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികൾ കൊണ്ടുവരണം. ഒന്നരമണിക്കൂറാണ് മത്സര സമയം. ചിത്രരചന (പെയിന്റിംഗ്) മത്സരത്തില്‍ രണ്ടു വിഭാഗങ്ങളിലായി ജില്ലയിലെ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. ഇവര്‍ക്ക് രണ്ടുമണിക്കൂറാണ് മത്സരസമയം. പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. സമ്മാനം സ്വീകരിക്കാനെത്തുമ്പോള്‍ വിദ്യാര്‍ഥിയാണെന്നുള്ള സ്കൂള്‍ അധികാരിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാര്‍ഡോ ഹാജരാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251349.
ഫേസ് പെയിന്റിംഗ് മത്സരം ഇന്ന്
വള്ളംകളിയുടെ പ്രചാരണാര്‍ഥം ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫേസ് പെയിന്റിംഗ് മത്സരം ഇന്നു നടക്കും. വൈകിട്ട് നാലിന് ആലപ്പുഴ ബീച്ചിന്റെ തെക്കുവശത്തുള്ള കാറ്റാടി മരങ്ങള്‍ക്കിടയിലെ സീ ലൗഞ്ച് നൈറ്റ് സ്ട്രീറ്റിലാണ് മല്‍സരം. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് മത്സരം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പെഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിക്കം.
ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒറ്റ കാറ്റഗറിയായാണ് മത്സരം. രണ്ട് അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. ആലപ്പുഴയും നെഹ്റുട്രോഫി വള്ളംകളിയും തീമിലുള്ള ഫേസ് പെയിന്റിംഗ് ആണ് തയാറാക്കേണ്ടത്. ഒരു സ്ഥാപനത്തില്‍നിന്ന് എത്ര ടീമുകള്‍ക്കും പങ്കെടുക്കും. ഒന്നരമണിക്കൂറാണ് മത്സര സമയം. ഫേസ് പെയിന്റിംഗിന് ആവശ്യമായ പെയിന്റ്, ബ്രഷ്, മറ്റുപകരണങ്ങള്‍ എന്നിവ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. വിജയിക്ക് എരമല്ലൂര്‍ പുന്നയ്ക്കൽ ജ്വല്ലറി നല്കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.
മത്സരാര്‍ഥികള്‍ക്ക് 9074594578 എന്ന വാട്സാപ്പ് നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251349.