ഹരിതകർമ സേന പണം നൽകി ശേഖരിച്ചത് നാലു ടൺ ഇ വേസ്റ്റ്
1585384
Thursday, August 21, 2025 6:40 AM IST
കായംകുളം: നഗരസഭാ പരിധിയിലെ വീടുകളിൽനിന്ന് ഹരിതകർമ സേന നാലു ടണ്ണോളം ഇ വേസ്റ്റ് ശേഖരിച്ചു. ചെറിയ വില നൽകിയാണ് വീടുകളിൽനിന്ന് ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ് സാധനങ്ങൾ ശേഖരിച്ചത്. ടിവി, മിക്സി, ഫാനുകൾ, തേപ്പുപെട്ടി, കംപ്യൂട്ടറുകൾ, എമർജൻസികൾ തുടങ്ങിയവയാണ് വീടുകളിൽനിന്ന് ശേഖരിച്ചത്.
ഓരോ സാധനത്തിനും തൂക്കം അനുസരിച്ചാണ് വില നൽകുന്നത്. വീടുകളിൽനിന്ന് ഇത്തരത്തിൽ ഇലക്ട്രോണിക്സ് മാലിന്യം ശേഖരിക്കുന്നതിന് 92,000 രൂപയോളം ഹരിതകർമ സേനയ്ക്ക് ചെലവായി. ശേഖരിച്ച ഇലക്ട്രോണിക്സ് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് നൽകി. കമ്പനി ഇതിന് ഹരിതകർമ സേനയ്ക്ക് പണം നൽകും.
ഇത്തരത്തിൽ ഇലക്ട്രോണിക്സ് മാലിന്യം വിൽക്കുമ്പോൾ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം ഹരിതകർമ സേനയ്ക്കും ലഭിക്കും. എല്ലാവർഷവും ഇത്തരത്തിൽ വീടുകളിൽനിന്ന് ഇലക്ട്രോണിക്സ് മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകും. ഇതിലൂടെ നഗരത്തിൽ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിന് പരിഹാരം കാണാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇലക്ട്രോണിക്സ് മാലിന്യങ്ങൾ തൂക്കിനോക്കിയാണ് വീട്ടുകാർക്ക് വില നൽകുന്നത്. കിലോഗ്രാമിന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ 16, മിക്സി 32, സീലിംഗ് ഫാൻ 41, ടേബിൾഫാൻ 30, ലാപ്പ്ടോപ്പ് 104, സിപിയു 58, മോട്ടറിന് 46, സെൽഫോൺ 115, ഹാർഡ് ഡിസ്ക് 127 എന്നിങ്ങനെയാണ് വീട്ടുകാർക്ക് നൽകുന്ന വില. സിഎഫ്എൽ, ട്യൂബ്ലൈറ്റ് എന്നിവ എടുക്കുമെങ്കിലും ഇവയ്ക്ക് പണം നൽകില്ല.
കായംകുളം നഗരസഭാ പരിധിയിൽ പഴയ ടിവികളാണ് ഏറ്റവും കൂടുതൽ ശേഖരിച്ച്. പിന്നീട് എൽഇഡി ടിവികളും ഫാനുകളും തേപ്പുപെട്ടി, മിക്സി എന്നിവയും കൂടുതലായി ലഭിച്ചത്. ഇവ വീടുകളിൽനിന്ന് ശേഖരിച്ച് മാലിന്യസംസ്കരണ യൂണിറ്റിൽ എത്തിച്ചു. അവിടെനിന്നു ക്ലീൻ കേരള കമ്പനിയുടെ വലിയ ലോറിയിൽ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കയറ്റിവിട്ടു. ചെറിയ ഒരു തുക നൽകി ഇവ ശേഖരിക്കുന്നതിനാൽ വീട്ടുകാർ സഹകരിക്കുന്നുണ്ടെന്ന് ഹരിതകർമ സേന അംഗങ്ങളും പറഞ്ഞു.