വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം
1585571
Thursday, August 21, 2025 11:36 PM IST
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്കുകളും മത്സ്യ ത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്തു. 2550 രൂപ വിലവരുന്ന ടാങ്ക് 25 ശതമാനം ഗുണഭോക്തൃ വിഹിതമായി ഇടാക്കി, ടാങ്ക് ഒന്നിന് 640 രൂപ നിരക്കിൽ 261 കുടുംബങ്ങൾക്കാണ് ഇവ നൽകിയത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉന്നതപഠനം നടത്തുന്ന 16 വിദ്യാർഥികൾക്ക് 37,500 രൂപ വിലവരുന്ന ലാപ് ടോപ്പുകളാണ് നൽകിയത്. 16 ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയത്. എച്ച്. സലാം എംഎൽഎ ഇവയുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
പറവൂർ ഗലീലിയോ ബീച്ചിനു സമീപം സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, അംഗങ്ങളായ സുധർമ ബൈജു, വിശാഖ് വിജയൻ, ഫിഷറീസ് ഓഫീസർ ലീന, പഞ്ചായത്ത് അസി. സെക്രട്ടറി ടി.ആർ. സജി എന്നിവർ പ്രസംഗിച്ചു. സ്ഥിരം സമിതി അധ്യക്ഷ അജിത ശശി സ്വാഗതം പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ ലാൽജി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.