കായംകുളം നഗരസഭയുടെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് പൂർത്തിയായി
1585395
Thursday, August 21, 2025 6:40 AM IST
കായംകുളം: നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള ജൈവമാലിന്യ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. മെഷിനറികളും സ്ഥാപിച്ചു. അടുത്തമാസം ഉദ്ഘാടനം നടന്നേക്കും. ജൈവമാലിന്യ സംസ്കരണ പ്ലാന്റ് മുരിക്കുംമൂട്ടിലാണ് സ്ഥാപിച്ചിട്ടുള്ളത്. ശുചിത്വകേരളം അർബൻ ഫണ്ടിൽനിന്ന് ലഭിച്ച മൂന്നുകോടി രൂപ ചെലവഴിച്ചാണ് പ്ലാന്റ് പൂർത്തിയാക്കിയത്.
പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നതോടെ നഗരത്തിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റാൻ കഴിയും. വ്യാപാരസ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമുൾപ്പെടെ പുറംതള്ളുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റാൻ കഴിയും. മുരിക്കുംമൂട്ടിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ നാലര ഏക്കർ സ്ഥലത്താണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയത്. ആറ് ടൺ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുശേഷിയുള്ള യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചത്.
ഹോട്ടലുകളിലും വീടുകളിലും മറ്റും പുറംതള്ളുന്ന ജൈവമാലിന്യങ്ങൾ നഗരസഭ വാഹനങ്ങളിൽ ശേഖരിച്ച് പ്ലാന്റിലെത്തിച്ചാണ് സംസ്കരിക്കുന്നത്. പ്ലാസ്റ്റിക് ഒഴികെയുള്ള മുഴുവൻ ജൈവമാലിന്യങ്ങളും സംസ്കരിക്കാൻ ശേഷിയുള്ള യന്ത്ര സംവിധാനമാണ് സ്ഥാപിച്ചത്. ഗ്രൗണ്ടിൽ എത്തിക്കുന്ന മാലിന്യം പ്ലാന്റിലേക്കു മാറ്റുന്നതിന് മുമ്പ് ചെറുകഷണങ്ങളാക്കി മാറ്റും. ഇത് പ്ലാന്റിലിട്ട് സംസ്കരിക്കുന്നതോടെ വെള്ളവും ദ്രവരൂപത്തിലാകുന്ന മാലിന്യങ്ങളും പ്രത്യേകം പ്ലാന്റിലേക്കു മാറും. ദ്രവരൂപത്തിലായ മാലിന്യത്തിൽ ബാക്ടീരിയ കലർത്തുന്നതോടെ 10 മുതൽ 20 ദിവസത്തിനുള്ളിൽ വളമായി മാറും. പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കാവുന്ന വളം പായ്ക്ക് ചെയ്ത് വിൽപ്പന നടത്തും.
ഇതിന്റെ വരുമാനത്തിന്റെ വിഹിതം നഗരസഭയും പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന കമ്പനിയും പങ്കിടും. ജൈവശേഷിയുള്ള ഏതു മാലിന്യവും പ്ലാന്റിലിട്ട് പൊടിച്ച് വളമാക്കി മാറ്റാൻ കഴിയും. അറവുശാലയിലെ മാലിന്യങ്ങളും മറ്റും ഇതിലൂടെ സംസ്കരിക്കാൻ കഴിയും.
നേരത്തേ നഗരസഭയുടെ കൈവശമുണ്ടായിരുന്ന സ്ഥലത്തോടു ചേർന്ന് വാങ്ങിയ നാലരഏക്കർ സ്ഥലത്താണ് ഓർഗാനിക്ക് വേസ്റ്റ് കംപോസ്റ്റ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പഴയ സഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഇവിടെനിന്നു പ്ലാസ്റ്റിക്കും മറ്റ് ഖരമാലിന്യങ്ങളും വേർതിരിച്ച് ഭൂമി വീണ്ടെടുക്കുന്ന പ്രക്രിയ നടന്നുവരികയാണ്.