ഓഫീസ് മന്ദിരം ഉദ്ഘാടനവും ഭാരവാഹി സ്ഥാനാരോഹണവും നാളെ
1585567
Thursday, August 21, 2025 11:36 PM IST
ചേര്‍ത്തല: ചേര്‍ത്തല ലയണ്‍സ് ക്ലബ് ഓഫ് കയര്ലാൻഡിന്റെ പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നിയുക്ത പ്രസിഡന്റ് ജോജി ജോസഫ്, സെക്രട്ടറി ബി. സുദര്ശനന്, വൈസ് പ്രസിഡന്റ് ജോഫി കാളാരന്‍, ട്രഷറര്‍ ജോസ് കണ്ണാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2021 നവംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ലയണ്‍സ് ക്ലബ് ഓഫ് കയര്ലാന്ഡ് കഴിഞ്ഞ മൂന്നരവര്‍ഷമായി വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അവര്‍ പറഞ്ഞു. ചേര്‍ത്തല മേഖലയില്‍ ഭവനരഹിതര്‍ക്കായി വീട് നിര്‍മാണം, അനാഥാലയങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളും, അരീപ്പറമ്പ് ബഡ്സ് സ്കൂള്‍, മാടയ്ക്കല്‍ ജീവ ഓട്ടിസം സ്കൂള്‍, ബിആര്‍സി എന്നിവയിലെ കുട്ടികള്‍ക്കുവേണ്ട ഉപകരണങ്ങളും വിതരണം ചെയ്തു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കുവേണ്ട ഉപകരണങ്ങള്‍ നല്കി. ചേര്‍ത്തല നഗരത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കളക്ഷന്‍ ബൂത്തുകള്‍ സ്ഥാപിച്ചു. സ്കൂളുകളില്‍ സാനിറ്ററി നാപ്കിന് ഇന്‍സിനറേറ്റര്‍ നല്കി തുടങ്ങിയ ഒട്ടനവധി സേവന പ്രവൃത്തികള്‍ നടത്തിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ പ്രവര്‍ത്തനവര്‍ഷം ചേര്‍ത്തല നഗരസഭയുമായി ചേര്‍ന്ന് ഇരുമ്പുപാലത്തിന്റെ വടക്കേക്കരയില്‍ ഓപ്പണ്‍ ജിമ്മും കുട്ടികളുടെ പാര്‍ക്കും സ്ഥാപിക്കും. എസി കനാലിന്റെ കരയില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കും.
ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുക, നഗരത്തില്‍ വാട്ടര്‍ എടിഎം സ്ഥാപിക്കുക എന്നീ പദ്ധതികളും നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറിന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഷൈന്‍കുമാറും അഡ്വ.വി. അമര്‍നാഥും ചേര്‍ന്ന് പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചേരുന്ന സ്ഥാനാരോഹണ സമ്മേളനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഓഫ് കയര്ലാൻഡ് പ്രസിഡന്റ് തോമസ് കാളാരന്‍ അധ്യക്ഷനാകും.