കൂൺകൃഷി വ്യാപകമാക്കാൻ പദ്ധതിയുമായി കൃഷിവകുപ്പ്
1585569
Thursday, August 21, 2025 11:36 PM IST
ചാരുംമൂട്: മാവേലിക്കര നിയോജകമണ്ഡലത്തിൽ കൂൺകൃഷി വ്യാപകമാക്കാൻ പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിവകുപ്പിന്റെ കൂൺഗ്രാമം പദ്ധതിയിലൂടെ കൂൺകൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. യുവാക്കളുടെയും കുടുംബശ്രീ അംഗങ്ങളുടെയും കൃഷി കൂട്ടങ്ങളുടെയും സഹകരണസംഘങ്ങളുടെയും ചെറുകിട കർഷകരുടെയും ഇടയിൽ കൂൺ കൃഷി വ്യാപിപ്പിക്കാനും അതിന്റെ സംഭരണത്തിനും സംസ്കരണത്തിനും വിതരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനുമുള്ള സമഗ്ര പദ്ധതിയാണ് കൂൺഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയിൽ 100 ബെഡ് കുറഞ്ഞത് കൃഷി ചെയ്യുന്ന നൂറുസംരംഭകരെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കൂൺവിത്ത് ഉത്പാദിപ്പിക്കുന്ന രണ്ടു യൂണിറ്റുകളും സംഭരിക്കാനും വിപണനം നടത്താനുമുള്ള പാക്ക് ഹൗസുകൾക്കും പദ്ധതിയിലൂടെ സഹായം നൽകും. രണ്ടു ഹൈടെക് യൂണിറ്റുകൾ സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
കൂൺകൃഷിയിൽനിന്നുള്ള അവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റാനും പദ്ധതിയിൽ സഹായം നൽകും. മണ്ഡലത്തിൽ കുറഞ്ഞത് 200 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് എം.എസ്. അരുൺകുമാർ എംഎൽഎ പറഞ്ഞു. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത ആലോചനായോഗത്തിൽ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു സാറാ ഏബ്രഹാം പദ്ധതി വിശദീകരണം നടത്തി.