മുണ്ടിനീര് പടരുന്നു; കായംകുളത്ത് ജാഗ്രത
1584996
Tuesday, August 19, 2025 11:35 PM IST
കായംകുളം: നഗരസഭ പരിധിയിലെ ഒരു വിദ്യാലയത്തിലെ നിരവധി കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും മുണ്ടി നീര് ബാധ സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാന്‍ ആരോഗ്യവിഭാഗം നടപടി ആരംഭിച്ചു. കായംകുളത്ത് ബിഷപ് മൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിരവധി കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും മുണ്ടിനീര് സ്ഥിരീകരിച്ചതോടെ അപ്പര്‍ പ്രൈമറി വരെയുള്ള സ്കൂളിലെ ക്ലാസുകള്‍ മൂന്നാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകളാക്കി.
ബിഷപ് മൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എല്‍പി സെക്ഷനിലെ രണ്ടാം ക്ലാസിലെ അഞ്ചു കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും വിവിധ ക്ലാസുകളിലായി മറ്റ് അഞ്ചു കുട്ടികള്‍ക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കുട്ടികളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനാണ് വിദ്യാലയത്തിലെ അപ്പര്‍ പ്രൈമറി സെക്ഷന്‍ വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.