വിദ്യാര്‍ഥി കര്‍ഷകര്‍ക്കുള്ള പുരസ്കാര നിറവില്‍ മുഹമ്മ എ.ബി വിലാസം സ്കൂള്‍
1585000
Tuesday, August 19, 2025 11:35 PM IST
മുഹമ്മ: കര്‍ഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകര്‍ക്കുള്ള പുരസ്കാര നിറവില്‍ മുഹമ്മ എ.ബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പ്ലസ് ടു ബയോളജി ബാച്ചിലെ ടി.ബി. അച്യുതനും കൊമേഴ്സ് ബാച്ചിലെ ജെ. അര്‍ജുനുമാണ് പുരസ്കാരങ്ങള്‍ നേടിയത്. ഇരുവരും എന്‍എസ്എസ് വോളന്റിയര്‍മാരാണ്.
പച്ചക്കറി കൃഷി ചെയ്ത് പഠനാവശ്യത്തിനടക്കം വരുമാനം കണ്ടെത്തുന്ന കുട്ടികര്‍ഷകരെ വിദ്യാലയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പൊന്നാട അണിയിച്ചും പച്ചക്കറി തൈകള്‍ നല്‍കിയും അനുമോദിച്ചു. ടി.ബി. അച്യുതന് പത്താം വാര്‍ഡ് കാവുങ്കല്‍ താരേഴത്ത് കര്‍ഷക ദമ്പതികളായ ടി.സി. ബൈജുവിന്റെയും വിനീതയുടെയും മകനാണ്. പെരുംതുരുത്ത് പാടശേഖരസമിതി സെക്രട്ടറിയാണ് അച്യുതന്റെ അമ്മ വിനീത.
50 സെന്റില്‍ പച്ചക്കറികള്‍ കൂടാതെ കിഴങ്ങുവര്‍ഗങ്ങളും പൂക്കളും അച്യുതന് കൃഷി ചെയ്തുവരുന്നു. ബന്ധുവിന്റെ പറമ്പിലാണ് ബന്തി കൃഷി ചെയ്യുന്നത്. ജൈവവളം ഉപയോഗിച്ചാണ് കൃഷി. കൃഷിയിടം ഒരുക്കുന്നതും തൈ നടന്നതും വളമിടുന്നതും നനയ്ക്കുന്നതുമെല്ലാം അച്യുതന് തനിച്ചാണ്. അതിരാവിലെയും വൈകിട്ടുമാണ് കൃഷിയുടെ പരിചരണം. പഠനത്തിലും മികവ് പുലര്‍ത്തുന്നു. വീടിനു സമീപത്തെ പെരുംതുരുത്ത് പാടശേഖരത്തില്‍ നെല്‍കൃഷി ഉണ്ടായിരുന്നപ്പോള്‍ ഇവിടെ അച്ഛനെയും അമ്മയെയും സഹായിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു.
മണ്ണഞ്ചേരി പഞ്ചായത്തിന്റെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള പുരസ്കാരം നേടിയ ജെ. അര്ജുന് കാവുങ്കല്‍ കുളങ്ങേഴത്ത് വീട്ടില്‍ ജയറാം - വിജിമോള്‍ ദമ്പതികളുടെ മകനാണ്. വീട്ടുമുറ്റത്ത് സ്വന്തം പരിശ്രമത്തിലൂടെ സാലഡ് കുക്കുമ്പര്‍, പയര്‍, കുമ്പളങ്ങ തുടങ്ങിയവ ജൈവകൃഷിയിലൂടെ വലിയതോതില്‍ കൃഷി ചെയ്തുവരുന്നു.