അധികൃതർ കനിയുന്നില്ല, നാട്ടുകാർ റോഡ് നന്നാക്കി
1584994
Tuesday, August 19, 2025 11:35 PM IST
മാന്നാര്‍: അധികൃതര്‍ കനിഞ്ഞില്ലെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ തീരുമാനിച്ചു. തകര്‍ന്നടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടന്ന പരുമല പള്ളി - പനയന്നാര്‍കാവ് റോഡാണ് റെഡ്സ്റ്റാര്‍ കലാ-സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാട്ടുകാര്‍ നിര്‍മിച്ചത്. റോഡില്‍ കലുങ്കിനു സമീപത്തായി വലിയ കുഴികളും വെള്ളകെട്ടും മൂലം മാസങ്ങളായി ഗതാഗതം തടസപ്പെട്ടിരുന്നു. നാട്ടുകാര്‍ പലതവണ റോഡ് താറുമാറായി കിടക്കുന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
ജില്ലാ പഞ്ചായത്ത് റോഡിന്റെ പുനര്‍നിര്‍മാണത്തിനായി 11 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തുവെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ലത്രേ. കടപ്ര പഞ്ചായത്തും റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും പണി നടന്നില്ല. തുടര്‍ന്നാണ് അധികൃതരെ ഇനിയും കാത്തിരുന്നാല്‍ നാട്ടുകാരുടെ നടുവൊടിയുമെന്ന് മനസിലാക്കി നാട്ടുകാര്‍ തന്നെ സംഘടിച്ച് രംഗത്തെത്തിയത്. മെറ്റല്‍ പൊടിയും മറ്റും ഉപയോഗിച്ച് താത്കാലികമായാണെങ്കിലും വലിയ കുഴികളും വെള്ളകെട്ടും ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കി.
റെഡ്സ്റ്റാര്‍ രക്ഷാധികാരി ഡൊമിനിക് ജോസഫിന്റെ നേതൃത്വത്തില്‍ ബേബി കുളത്തില്‍, പി.സി. ആനന്ദന്, ജോജി ജോണ്‍, അജി കെ. ജോര്‍ജ്, കെ.ടി. സന്തോഷ്, ബിജു മാത്യു, ജയ്സണ്‍ വി. ജോണ്‍ എന്നി വരടങ്ങുന്ന സംഘമാണ് റോഡ് നിര്‍മാണം നടത്തി മാതൃകയായത്.