കൃഷിവകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്നത് ആദ്യം: മന്ത്രി
1585568
Thursday, August 21, 2025 11:36 PM IST
ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായിട്ടാണ് കൃഷിനാശം ഉണ്ടായ സാഹചര്യത്തിൽ കൃഷിവകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്നതെന്നു കൃഷിമന്ത്രി പി. പ്രസാദ്. ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ല് ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ചതിന്റെ വില വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷിനാശം സംഭവിച്ച എട്ടു പാടശേഖരങ്ങളില്‍നിന്നു 335 കര്‍ഷകരുടെ 4,77,542 കിലോ നെല്ല് സംഭരിച്ചതിന്റെ വിലയായി 1.17 കോടി രൂപ ലഭിച്ചു.
കഴിഞ്ഞ സീസണില്‍ ജില്ലയിലെ നിരവധി പാടശേഖരങ്ങളില്‍ പുഞ്ച കൃഷിയുടെ സമയത്ത് ഉഷ്ണ തരംഗം ഉണ്ടാകുകയും ഉപ്പ് വെള്ളം കയറുകയും ചെയ്തതോടെ വലിയ കൃഷി നാശമാണ് ഉണ്ടായത്. ബാക്കിയുള്ള നെല്ല് മില്ലുകരുടെ ദയാ ദാക്ഷണ്യത്തിനു വിട്ടുകൊടുക്കാതെ നേരിട്ട് ഏറ്റെടുക്കാൻ ധനകാര്യ മന്ത്രിയുമായി പ്രത്യേക യോഗം ചേര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓയില്‍ പാം ഇത് ഏറ്റെടുക്കുകയായിരുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 2,601 കോടി രൂപ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
കഞ്ഞിപ്പാടം കുറ്റുവേലില്‍ ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങിൽ എച്ച്. സലാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്മാന് ആര് രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഹാരിസ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ഷീജ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രജിത്ത് കാരിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.ആര്. അശോകന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.