സ്കൂൾ പുതിയ കെട്ടിടത്തിൽ; പക്ഷേ, മാസം ഒന്ന് ഒരു വിലാപം!
1585400
Thursday, August 21, 2025 6:40 AM IST
എടത്വ: ഫിറ്റ്നസ് നഷ്ടപ്പട്ട പഴയ കെട്ടിടത്തില്‍നിന്നു കോഴിമുക്ക് ഗവ.എല്‍പി സ്കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി ഫിറ്റ്നസ് കിട്ടിയ പുതിയ കെട്ടിടത്തിലേക്കു മാറ്റിയിട്ടും പ്രശ്നങ്ങൾ ബാക്കി.
ഒരു ക്ലാസ് റൂമില്‍ പല ഡിവിഷനിലെ കുട്ടികളെ ഇരുത്തിയാണ് ക്ലാസ് നടത്തുന്നതെന്നാണ് ഒരു ആരോപണം. അതുപോലെ റെക്സിന് ഉപയോഗിച്ചു താത്കാലികമായി മറച്ച സ്കൂള്‍ വരാന്തയില്‍ കൈവിരി നിര്‍മാണം ആരംഭിച്ചില്ലെന്നും രക്ഷിതാക്കള്‍ പരാതി പറയുന്നു.
നേരത്തെ പൊട്ടിപ്പൊളിഞ്ഞ പഴയ സ്കൂള്‍ കെട്ടിടത്തില്‍ ക്ലാസ് നടത്തുന്നതിനെതിരേ രക്ഷിതാക്കൾ പ്രതിഷേധം ആരംഭിച്ചതോടെയാണ് കെട്ടിടത്തിന്റെ ഫിറ്റ്നസ് പഞ്ചായത്ത് അധികൃതര്‍ റദ്ദക്കിയത്.
ഇതേത്തുടര്‍ന്ന് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, എടത്വ പോലീസ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത ചര്‍ച്ചയില്‍ പുതിയ കെട്ടിടത്തിനു താത്കാലിക ഫിറ്റ്നസ് നല്കി ക്ലാസ് തുടങ്ങുകയായിരുന്നു. 2022ല്‍ പണികഴിപ്പിച്ച പുതിയ സ്കൂള്‍ കെട്ടിടത്തിന് കൈവിരി സ്ഥാപിക്കാത്തതിന്റെ പേരിലാണ് ഫിറ്റ്നസ് നല്‍കാതിരുന്നത്.
പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ തറനിരപ്പില്‍നിന്നു കെട്ടിടം ഉയര്‍ത്തിയപ്പോള്‍ വരാന്തയില്‍നിന്നു കുട്ടികള്‍ വീണ് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ചിരുന്നത്.
രണ്ടു മുറി മാത്രം
ചര്‍ച്ചയില്‍ വരാന്തയിലെ കൈവരി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ പിഡബ്ല്യുഡിയില്‍ സമ്മര്‍ദം ചെലുത്തുമെന്നു പഞ്ചായത്ത് അധികൃതരും വിദ്യാഭ്യാസ വകുപ്പും രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 2.80 ലക്ഷം രൂപ കൈവരി നിര്‍മാണത്തിന്നു പിഡബ്ല്യുഡി അനുവദിച്ചിരുന്നു. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസം പിന്നിട്ടെങ്കിലും കൈവരി നിര്‍മാണം എങ്ങും എത്തിയില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു. രണ്ടു മുറികളില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാനും കഴിയാത്ത അവസ്ഥയാണ്.
ഒരു ക്ലാസ് മുറിയില്‍ ഒന്നിലേറെ ഡിവിഷന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടു വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.
കോഴിമുക്ക് ഗവ. എല്‍പി സ്കൂളിലെ പഴയ കെട്ടിടം സംരക്ഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. രാജഭരണ കാലത്ത് ആരംഭിച്ച കെട്ടിടത്തില്‍ നിരവധി പ്രഗല്ഭര് പഠനം കഴിഞ്ഞ് ഇറങ്ങിയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.