മഴ,വെള്ളക്കെട്ട്: റോഡുകൾ കൂടുതൽ തകർച്ചയിലേക്ക്
1425020
Sunday, May 26, 2024 5:48 AM IST
കടുത്തുരുത്തി: തകര്‍ന്നു കിടന്ന റോഡുകള്‍ മഴ ശക്തമായതോടെ കൂടുതല്‍ തകര്‍ച്ചയിലേക്ക്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ളതും പഞ്ചായത്തുകള്‍ക്കു കീഴിലുള്ളതും ഉള്‍പ്പെടെ പല റോഡുകളും തകര്‍ന്ന നിലയിലാണ്.
റോഡുകള്‍ നന്നാക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ ജനപ്രതിനിധികളും നാട്ടുകാരും യാത്രക്കാരും ഉള്‍പ്പെടെ ദുരിതത്തില്‍. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ ജനങ്ങളുടെ പ്രതിഷേധം ജനപ്രതിനിധികളുടെ നേര്‍ക്കാണ്.
അധികൃതരോട് പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരമില്ലാതായതോടെ എന്തു ചെയ്യണമെന്നറിയെതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ജനങ്ങള്‍. ധര്‍ണ, പ്രകടനം, പ്രതിഷേധം എന്നിവയൊക്കെ നടത്തിയെങ്കിലും പ്രശ്നത്തിന് മാത്രം പരിഹാരമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
കടുത്തുരുത്തി-അറുന്നൂറ്റിമംഗലം റോഡ്, കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് എന്നിവയെല്ലാം മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്.
കടുത്തുരുത്തി-പിറവം റോഡിലെ കടുത്തുരുത്തി മുതല്‍ അറുന്നൂറ്റിമംഗലം വരെയുള്ള ഭാഗം റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ടിട്ട് മാസങ്ങളായി. ജല അഥോറിറ്റിയുടെ പൈപ്പിടല്‍ താമസിച്ചതാണ് റോഡ് ടാറിംഗ് വൈകാനിടയാക്കിയതെന്നാണ് പിഡബ്യൂഡി പറയുന്നത്. പിന്നീട് പൈപ്പിടല്‍ ആരംഭിച്ചെങ്കിലും മഴയത്ത് ചെളിഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണ് കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്നത്.
മഴ പെയ്താല്‍ തോടേതെന്നോ റോഡേതെന്നോ അറിയാന്‍ കഴിയാത്ത അവസ്ഥയാണ് മിക്കയിടത്തും. ഇതിനപ്പുറമാണ് കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിന്റെ അവസ്ഥ. പൂര്‍ണമായും പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര അപകടം മുന്നില്‍ കണ്ടാണ്. പലയിടത്തും മീറ്ററുകള്‍ നീളത്തില്‍ വെള്ളക്കെട്ടാണ്.
കാല്‍നടയാത്ര ഒരുതരത്തിലും പറ്റാതായി. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് കാല്‍നടയാത്രക്കാരും വാഹന യാത്രികരും കടന്നുപോകുന്ന വഴിയാണിത്. സുരക്ഷിത യാത്ര ഒരുക്കേണ്ട അധികൃതര്‍ അപകടകരമായ അവസ്ഥയിലേക്ക് റോഡുകളെ കൊണ്ടെത്തിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു നാട്ടുകാരും യാത്രക്കാരും ഒരുപോലെ പറയുന്നു.