ഞങ്ങളും കൃഷിയിലേക്കെന്ന് കുട്ടികള്‍; പാലേക്കാര് കൃഷിയുമായി പാടത്തേക്ക്
1425170
Sunday, May 26, 2024 10:19 PM IST
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ജൈവരീതിയിലുള്ള സുഭാഷ് പലേക്കാര് മാതൃകയിലുള്ള നെല്‍കൃഷിയിലേക്ക്. കൊണ്ടാട് പാടശേഖരത്തില്‍പ്പെട്ട ചൂരവേലി പാടത്തെ അരയേക്കര്‍ സ്ഥലത്താണ് കുട്ടികള്‍ നെല്‍കൃഷി നടത്തുന്നത്.
സുഭാഷ് പലേക്കാര് പ്രകൃതി കൃഷി നടപ്പാക്കിയ വ്യക്തിയാണ്. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ചേര്‍ന്ന ജീവാമൃതമാണ് വളമായി നല്‍കുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള ഈ കൃഷിക്കായി കുട്ടികള്‍ തവളക്കണ്ണന്‍ എന്ന നാടന്‍ നെല്‍വിത്താണ് വിതച്ചത്. പ്രമുഖ ജൈവ കര്‍ഷകനായ ചൂരവേലില്‍ മധുസൂദനന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ വിത്ത് വിതച്ചത്.
രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, കര്ഷകന് മധു ചൂരവേലില്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ പലേക്കാര് കൃഷിരീതി പരിശീലിപ്പിച്ചത്. എൻഎസ്എസ് യൂണിറ്റിലെ നാല്പതില്പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിത്ത് വിതയുടെ ഉദ്ഘാടനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് പുതിയിടത്തുചാലില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കൊണ്ടാട് വാര്‍ഡ് മെമ്പര്‍ അമ്മിണി കെ. എന്‍., സ്കൂള്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, ഫാ. ജോമോന് മാത്യു പറമ്പിത്തടത്തില്, കര്ഷകന് മധു ചൂരവേലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കുട്ടികള്‍ നെല്‍വിത്ത് വിതച്ചതിങ്ങനെ
മുളപ്പിച്ച തവളക്കണ്ണന്‍ നാടന്‍ നെല്‍വിത്ത് പ്ലാസ്റ്റിക് ഷീറ്റില്‍ ഒരിഞ്ച് കനത്തില്‍ എടുത്തിട്ട മണ്ണില്‍ നാടന്‍ പശുവിന്റെ ചാണകപ്പൊടി വിതറി അതിനു മുകളിലായി പാകി, ഇതിനു മുകളിയായി ചാണകപ്പൊടിയും മണ്ണും മിക്സ് ചെയ്ത് ഒരു നിരയായി ഇട്ടു. ഇതിനു ശേഷം വെള്ളം ശക്തിയായി വീഴാതിരിക്കാനായി മുകളിലായി നെറ്റ് വലിച്ചു കെട്ടി.
പത്തു ദിവസമാകുമ്പോള്‍ രണ്ടു മുതല്‍ മൂന്ന് ഇഞ്ച് ഉയരം വയ്ക്കുന്ന നെല്‍ച്ചെടി പറിച്ച് വയലില്‍ ഒരു കുഴിയില്‍ ഒന്നോ, രണ്ടോ തൈകള്‍ വീതം ഒരു ചാണ് അകലത്തില്‍ നടും. തവിട് കളയാതെയും 50 ശതമാനം തവിടോടുകൂടിയും ഇതിന്റെ അരി ഉപയോഗിച്ചാല്‍ പലവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് കര്ഷകന് മധു ചൂരവേലില്‍ പറഞ്ഞു.