ഉമ്മന്‍ ചാണ്ടിക്കു പുതുപ്പള്ളിയുടെ ആദരം; ഒന്നാം ചരമവാര്‍ഷികത്തിനു വിപുലമായ പരിപാടികൾ
1436454
Monday, July 15, 2024 11:30 PM IST
കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ ആറു പതിറ്റാണ്ടോളം സ്വാധീനിക്കുകയും സമസ്ത മേഖലകളിലും തന്റേതായ കാഴ്ചപ്പാടുകളിലൂടെ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയുടെ ആദരം. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെയാണ് ആചരിക്കുന്നത്.
കല്ലറയില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം, ദീപശിഖാ പ്രയാണം, അനുസ്മരണ പദയാത്ര, വിവിധ സഹായ പദ്ധതികളുടെ വിതരണം എന്നിവ അനുസ്മരണത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്നു ചാണ്ടി ഉമ്മന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍.
18നു രാവിലെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കല്ലറയിലും വീട്ടിലും പ്രാര്‍ഥന. 10ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സ്വാമി മോക്ഷവ്രതാനന്ദ, പെരുമ്പടവം ശ്രീധരന്, കര്‍ണാടക ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണം നടത്തും. ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന - ഗോള്‍ ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍ഹിക്കും. പുതുപ്പള്ളി മണ്ഡലത്തിലെ 1000 വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണവും സമ്മേളനത്തോടനുബന്ധിച്ചു നടക്കും. ഉച്ചകഴിഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കബറിടം സന്ദര്‍ശിക്കും.
തുടര്‍ന്ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. അന്നേ ദിവസം വൈകുന്നേരം ആറിന് കൂരോപ്പടയിലേക്ക് ഉമ്മന്‍ ചാണ്ടി ദീപശിഖാ പ്രയാണവും നടക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും ഉമ്മന്‍ ചാണ്ടി സ്മൃതി പദയാത്ര ഉണ്ടായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ എംഎൽഎപറഞ്ഞു.