റോഡരികിൽ പച്ചിലപ്പടർപ്പ്; കാൽനട യാത്രക്കാർ ഔട്ട്
1460443
Friday, October 11, 2024 5:18 AM IST
കുറവിലങ്ങാട്: പ്രധാന റോഡുകളിലടക്കം കാൽനടയാത്രക്കാർ ഔട്ട്. ഭീതി പരത്തുംവിധം പല റോഡുകളിലും പച്ചിലപ്പടർപ്പുകൾ ഒരാൾ പൊക്കത്തിൽവരെ തഴച്ചു വളരുകയാണ്. ഇഴജന്തുക്കളും പ്രാണികളും സ്വൈരവിഹാരം നടത്തുന്ന ഈ കാടുകൾക്കു സമീപത്തുകൂടെ നടന്നുപോകുന്നതു സാഹസികമായി മാറിയിട്ടുണ്ട്.
ടാർഭാഗത്തുകൂടി കടന്നുപോകുന്ന വാഹനങ്ങൾക്കു പോറൽ ഏൽപ്പിക്കും വിധമാണ് പച്ചിലപ്പടർപ്പുകൾ റോഡിലേക്കു തഴച്ചു വളരുന്നത്. ഒന്നാം നമ്പർ സംസ്ഥാന ഹൈവേയിൽ ഈ ഭീതിപ്പെടുത്തുന്ന അവസ്ഥ അടുത്ത നാളുകൾ വരെ സാധാരണമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എംസി റോഡിൽ പച്ചിലപ്പടർപ്പുകൾ വെട്ടിമാറ്റിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ പല ഗ്രാമീണ റോഡുകളിലും കാൽനടയാത്രക്കാർക്കു വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. എംസി റോഡിൽനിന്ന് ആരംഭിക്കുന്ന പല പ്രധാന റോഡുകളുടെയും സ്ഥിതിയും ദയനീയമാണ്. ഭീഷണി ഉയർത്തുന്ന റോഡുകളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചു പ്രാദേശിക കൂട്ടായ്മകൾ റോഡ് വൃത്തിയാക്കിയതോടെയാണ് വാഹനങ്ങൾക്കു പരസ്പരം കാണാൻ കഴിയുന്ന അവസ്ഥ ലഭിച്ചത്.
പല റോഡുകളിലും കുറ്റിക്കാടുകൾ കണക്കാണു സ്ഥിതി. ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികൾ റോഡ് കൈയേറി കൃഷി നടത്തിയിരിക്കുന്നതു സാധാരണ കാഴ്ചയാണ്. ഉഴവൂർ-പയസ്മൗണ്ട്-മോനിപ്പള്ളി റോഡിൽ ഒരുവശത്ത് കൃഷിയും മറുവശത്ത് വലിയ കാടും രസകരവും ഭീതി ജനിപ്പിക്കുന്നതുമായ കാഴ്ചയാണ്. റോഡ് ശുചീകരണ കരാർ ഏറ്റെടുത്തവർ പലപ്പോഴും തിരിഞ്ഞുനോക്കാത്ത അവസ്ഥ ഉണ്ടാകുന്നതാണ് കാൽനടയാത്രക്കാരുടെ ഈ ദുർഗതിക്ക് കാരണം.