അവകാശസംരക്ഷണ യാത്രയ്ക്ക് മുണ്ടക്കയത്ത് ഉജ്വല സ്വീകരണം
1601662
Wednesday, October 22, 2025 2:39 AM IST
മുണ്ടക്കയം: നീതി ഔദാര്യമല്ല അവകാശമാണെന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് നടത്തുന്ന അവകാശസംരക്ഷണ യാത്രയ്ക്ക് മുണ്ടക്കയത്ത് സ്വീകരണം നൽകി.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണ സമ്മേളനം മുണ്ടക്കയം ഫൊറോന ഡയറക്ടർ റവ.ഡോ. ജയിംസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിലിനെ ഷാൾ അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ, മുണ്ടക്കയം ഫൊറോന യൂണിറ്റ് പ്രസിഡന്റ് സണ്ണി ആന്റണി തുരുത്തിപ്പള്ളി, ജോസ് ജേക്കബ് കല്ലൂർ, ജോബി കൊച്ചുപറമ്പിൽ, റോണി പുഞ്ചക്കുന്ന്, മനു വരാപ്പള്ളി, ഫാ. ഡോൺ മറ്റക്കരതുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭരണഘടന ഉറപ്പുതരുന്ന മതേതരത്വം സംരക്ഷിക്കപ്പെടണം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം, ഭൂനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ എന്നിവയിൽനിന്ന് കർഷകർക്ക് മോചനം ലഭിക്കണം, വിദ്യാഭ്യാസ മേഖലയിലെ ക്രൈസ്തവ അവഗണനകൾ പൂർണമായും പരിഹരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അവകാശ സംരക്ഷണയാത്ര നടത്തുന്നത്.
13ന് കാസർഗോട്ട് ആരംഭിച്ച യാത്ര 24ന് തിരുവനന്തപുരത്ത് സമാപിക്കും.
കത്തോലിക്ക കോൺഗ്രസിന്റെ സമരങ്ങൾ പൊതുനന്മയ്ക്ക്: രാജീവ് കൊച്ചുപറന്പിൽ
കാഞ്ഞിരപ്പള്ളി: ക്രൈസ്തവ സമുദായത്തിന്റെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല പൊതുസമൂഹത്തിന്റെ നന്മയ്ക്കു കൂടിയാണ് കത്തോലിക്ക കോൺഗ്രസിന്റെ സമരങ്ങളെന്ന് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ. അവകാശസംരക്ഷണ യാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലെ അവഗണനയിൽ നമ്മൾ ശക്തമായി പ്രതിഷേധിച്ചപ്പോൾ ആ വിഷയത്തിൽ അധ്യാപക നിയമനമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തയാറായത് അവകാശസംരക്ഷണ യാത്രയുടെ വിജയത്തിന്റെ ഒന്നാം ഘട്ടമാണ്.
പള്ളിയോടൊപ്പം പള്ളിക്കൂടം ആരംഭിച്ച് ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന നവോത്ഥാന ചരിത്രമാണ് സഭയ്ക്കും സമുദായത്തിനുള്ളത്. ഇത്തരത്തിൽ പൊതുസമൂഹത്തിൽ നിലകൊള്ളുന്പോഴും ക്രൈസ്തവസഭയ്ക്ക് ലഭിക്കേണ്ട അവകാശങ്ങൾ നൽകുന്നതിൽ സർക്കാരും രാഷ്ട്രീയ പാർട്ടികളും കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്.
കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയ സംഘടനയല്ല. കക്ഷിരാഷ്ട്രീയവുമില്ല. പക്ഷേ, രാഷ്ട്രീയ നിലപാടുണ്ട്. ഈ സമുദായത്തിന്റെയും നാട്ടിലെ കർഷകരുടെയും വേദനിക്കുന്ന ജനങ്ങളുടെയും പ്രശ്നങ്ങളാണ് കത്തോലിക്ക കോൺഗ്രസിന്റെ രാഷ്ട്രീയം. ആത്മാർഥമായി ആരാണോ ഈസമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കടന്നുവരുന്നത് അവരെ പിന്തുണയ്ക്കാനും മടിയില്ല. ഞങ്ങളെ അവഗണിക്കുന്നവരെ ഞങ്ങളും അവഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.