ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
1601743
Wednesday, October 22, 2025 5:24 AM IST
കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നാളെ ഉച്ചയ്ക്കു 12 മുതല്‍ 24നു ഉച്ചയ്ക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും പറത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.
കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ്, പാലാ മുനിസിപ്പല്‍ സ്റ്റേഡിയം, കോട്ടയം സിഎംഎസ് കോളജ് ഗ്രൗണ്ട്, കോട്ടയം നെഹ്റു സ്റ്റേഡിയം, കുമരകം താജ് ഹോട്ടല്‍ എന്നിവയുടെയും ജില്ലയിലെ മറ്റ് ഹെലിപ്പാഡുകളുടെയും സമീപ സ്ഥലങ്ങളുടെയും വ്യോമ മേഖലയിലാണ് നിരോധനം.
വ്യോമസേനയ്ക്കും എസ്പിജിക്കും സംസ്ഥാന പോലീസിനും രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും.