ഞങ്ങൾ എങ്ങനെ ഉറങ്ങും? കൂറ്റൻ വനംകുളവിക്കൂടിനടിയിൽ ഭീതിയോടെ ഒരു നാട്
1601921
Wednesday, October 22, 2025 7:38 AM IST
ബെന്നി ചിറയിൽ
ചങ്ങനാശേരി: ഒരു നാടിന്റെ ഉറക്കം കെടുത്തി കൂറ്റൻ വനംകുള വിക്കൂട്. കാട്ടുകുളവിയെന്നും ആനക്കുളവിയെന്നുമൊക്കെ അറിയപ്പെടുന്ന അതീവ അപകടകാരിയായ കടന്നലിന്റെ കൂടാണ് ഒരു നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
മാടപ്പള്ളി മോസ്കോ-വെങ്കോട്ട റോഡിൽ ഏലംകുന്ന് കുരിശടിക്കു സമീപത്തെ വല്യാനാൽ തങ്കച്ചന്റെ വീടിന്റെ പുരയിടത്തിലാണ് നാടിനെ വിറപ്പിക്കുന്ന കുളവിക്കൂട് മരക്കൊന്പിൽ തൂങ്ങിക്കിടക്കുന്നത്. ഒരു മഹാഗണി മരത്തിലാണ് ഈ കൂട് തൂങ്ങിക്കിടക്കുന്നത്. കാഴ്ചയിൽ ഭംഗിയുണ്ടെങ്കിലും പ്രാണഭീതിയിലാണ് നാട്ടുകാർ.
ആയിരക്കണക്കിനു കുളവികളാണ് ഒാരോ നിമിഷവും ഈ കൂട്ടിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. കാഴ്ചയിൽത്തന്നെ ഭീതി ജനിപ്പിക്കുന്ന ദൃശ്യം. ലക്ഷക്കണക്കിനു കുളവികൾ ഈ കൂട്ടിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെല്ലാം വീടുകളുള്ള മേഖലയാണ്. കുട്ടികളും വയോധികരുമൊക്കെ ഏറെയുള്ള പ്രദേശത്ത് ഈ കുളവിക്കൂട് ഇപ്പോൾ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഒാരോ ദിവസവും ഇതിന്റെ വലിപ്പം കൂടി വരുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസമാണ് കുളവിക്കൂട് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പഞ്ചായത്ത് അധികൃതർക്കു വിവരം നൽകിയെങ്കിലും മരം മുറിച്ചുനീക്കാനാണ് നിർദേശിച്ചതെന്നു പറയുന്നു. എന്നാൽ, കൂറ്റൻ കുളവിക്കൂട് ഉള്ള മരം എങ്ങനെ മുറിക്കുമെന്നും ആരു മുറിക്കുമെന്നും നാട്ടുകാർ ചോദിക്കുന്നു. കാക്കയോ മറ്റു പക്ഷികളോ കൂടിനെ ആക്രമിച്ചാൽ ഇവ ഇളകുമെന്നും നാട്ടുകാരെ ആക്രമിക്കുമെന്നുമുള്ള ഭീതിയിലാണ് ഈ പ്രദേശത്തുള്ളവർ.
കൂട്ടത്തോടെ ആക്രമിച്ചാൽ ജീവൻ പോലുമെടുക്കാൻ ശേഷിയുള്ള അപകടകാരികളാണ് കുളവികൾ. വളർത്തു മൃഗങ്ങളെയും ഇവ ആക്രമിക്കും. പോലീസോ ഫയർഫോഴ്സോ ഇടപെട്ട് ഈ ഇവയെ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.