എല്‍ഡിഎഫ് വിടാന്‍ ആഗ്രഹിക്കുന്നെങ്കിൽ അവർ പറയട്ടെ: മോൻസ്
1601894
Wednesday, October 22, 2025 7:16 AM IST
കോട്ടയം: എല്‍ഡിഎഫ് മുന്നണി വിടാന്‍ കേരള കോണ്‍ഗ്രസ് -എം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍തന്നെ പറയട്ടെന്നു കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ.
ഇക്കാര്യം കേരള കോണ്‍ഗ്രസ്-എം പറഞ്ഞാല്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഗുണത്തിനോ ദോഷത്തിനോ ഇല്ലെന്നും മോന്‍സ് പറഞ്ഞു. ഇക്കാര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനെക്കുറിച്ചു യുഡിഎഫ് ഒരുഘട്ടത്തിലും ചര്‍ച്ച ചെയ്തിട്ടില്ല.
ഭിന്നശേഷി അധ്യാപക നിയമന വിഷയം സര്‍ക്കാരിനു പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ പരിഹാരത്തിനു ശ്രമിക്കുമെന്നാണു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കാര്‍ഷിക മേഖലയെ രക്ഷപ്പെടുത്താന്‍ കേന്ദ്രവും സംസ്ഥാനവും സഹായം ചെയ്യുന്നില്ല.
നെല്ല് സംഭരിക്കുന്ന പണം സമയത്ത് കൊടുക്കാന്‍ കഴിയുന്നില്ല. വനം-വന്യജീവി പ്രശ്നത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കടുത്തുരുത്തി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ധവളപത്രം പുറത്തിറക്കി വിമര്‍ശകരെ സംവാദത്തിനു ക്ഷണിക്കുകയാണെന്നും മോന്‍സ് പറഞ്ഞു.