മെഡിക്കൽ കോളജ് ഓട്ടോ സ്റ്റാൻഡിനു സമീപം മരങ്ങൾ ഉണക്കാൻ മരുന്നൊഴിച്ചെന്നു പരാതി
1601887
Wednesday, October 22, 2025 7:16 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഓട്ടോ സ്റ്റാൻഡിന് സമീപം നിന്ന മരങ്ങളിൽ സാമൂഹ്യവിരുദ്ധർ മരുന്നൊഴിച്ച് ഉണക്കാൻ ശ്രമിച്ചതായി പരാതി. ഓട്ടോ സ്റ്റാൻഡിന് സമീപംനിന്ന ആര്യവേപ്പ്, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങളിൽ വാക്കത്തിയോ മറ്റായുധങ്ങൾകൊണ്ടോ വെട്ടി മുറിവുണ്ടാക്കി അതിലേക്കു മരം ഉണക്കുന്നതിനുള്ള മരുന്ന് ഒഴിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
സംഭവത്തെ തുടർന്ന് മരങ്ങൾ കരിഞ്ഞു തുടങ്ങി. പ്രദേശത്ത് തണൽ വിരിച്ച് നിന്ന മരങ്ങളാണ് സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തി മൂലം കരിഞ്ഞു തുടങ്ങിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
പഞ്ചായത്ത് അധികാരികൾ സ്ഥലത്തെത്തി മരം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് കുറുപ്പന്തറയിലും റോഡ് അരികിൽ നിന്ന മരം ഉണക്കുന്നതിന് സാമൂഹ്യവിരുദ്ധർ മരുന്നു പ്രയോഗം നടത്തിയിരുന്നു.
അന്ന് പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും സംയുക്തമായി വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.