അവകാശസംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരിയില്‍ സ്വീകരണം ഇന്ന്
1601923
Wednesday, October 22, 2025 7:38 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ "സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്, നീതി ഔദാര്യമല്ല അവകാശമാണ്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് ചങ്ങനാശേരിയില്‍ വരവേല്പ് നല്‍കും.
വൈകുന്നേരം 4.30ന് പെരുന്ന റെഡ്സ്ക്വയര്‍ ജംഗ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി യാത്രയെ സ്വീകരിച്ച് പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ക്രമീകരിച്ചിരിക്കുന്ന സമ്മേളന നഗറിലേക്ക് ആനയിക്കും.
തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റന്‍ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ വിഷയാവതരണ പ്രസംഗം നടത്തും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മുഖ്യസന്ദേശം നല്‍കും.
അതിരൂപതാ ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ ഫൊറോനകളില്‍നിന്നുള്ള ആയിരക്കണക്കിനു സംഘടനാംഗങ്ങള്‍ സമ്മേളനത്തില്‍ അണിനിരക്കും.