നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു; മൂന്നു പേർക്ക് പരിക്ക്
1601889
Wednesday, October 22, 2025 7:16 AM IST
ഏറ്റുമാനൂർ: നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ ഒമ്പതിനു പട്ടിത്താനം-മണർകാട് ബൈപാസ് റോഡിൽ വടക്കേനട ഭാഗത്ത് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ പട്ടിത്താനം സ്വദേശി അനന്തു (26)വിനും കാർ യാത്രക്കാരായ തോട്ടയ്ക്കാട് സ്വദേശി സന്തോഷ് (49), ഭാര്യ പ്രതിഭ (45) എന്നിവർക്കുമാണ് പരിക്കേറ്റത്.
പട്ടിത്താനം ഭാഗത്തേക്ക് പോയ കാർ ബൈപാസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പാറകണ്ടം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനന്തു റോഡിൽ തെറിച്ചു വീണു. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ അനന്തു ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു.
മൂന്നു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടത്തിൽപ്പെട്ട കാറും ബൈക്കും.