യുവാവിന്റെ അപകടമരണം: എഫ്ഐആറിനെതിരേ പരാതി
1601929
Wednesday, October 22, 2025 7:45 AM IST
തൃക്കൊടിത്താനം: തൃക്കൊടിത്താനം കൊക്കോട്ടുചിറയ്ക്കു സമീപം മാടത്തരുവിയില്‍ വാഹനാപകടത്തില്‍ വായ്പൂര് സ്വദേശി വേങ്ങമടത്തില് ആദിത്യന് സുരേഷിന്റെ (19) മരണവുമായി ബന്ധപ്പെട്ട് പോലീസ് തയാറാക്കിയ എഫ്ഐആര്‍ വസ്തുതാവിരുദ്ധമെന്ന് കാട്ടി അമ്മ അമ്പിളി കോട്ടയം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്കി.
എതിര്‍ദിശയില്‍നിന്നു വന്ന കാര്‍ അമിതവേഗത്തില്‍ മറ്റൊരു ടുവീലറിനെ ഓവര്‍ടേക്ക് ചെയ്ത് ആദ്യത്യന്റെ വാഹനത്തില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ യുവാവ് വാഹനത്തില്‍ നിന്നും തെറിച്ച് അടുത്തുള്ള മതിലില്‍ പോയി തലയടിച്ചു വീണു വഴിയില്‍ കിടക്കുകയായിരുന്നു.
അപകടം നടന്നയുടനെ പോലീസ് അവിടെയെത്തിയെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് കാലതാമസം വരുത്തിയെന്നും അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച സ്ത്രീയെ കേസില്‍നിന്ന് ഒഴിവാക്കുന്നതിനു ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ഏറെസമയത്തിനുശേഷം ഒരു പെട്ടിവണ്ടിയിലാണ് ആദിത്യനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കു ഗുരുതര പരിക്കായതിനാല്‍ അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും യാത്രാമധ്യേ യുവാവ് മരിച്ചു.
ആദിത്യന് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന സുഹൃത്ത് സമീര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമീറിന്റെ മൊഴിയെടുക്കാതെയാണ് പോലീസ് എഫ്ഐആര്‍ തായാറാക്കിയതെന്നു കാണിച്ചാണ് ബന്ധുക്കള്‍ പോലീസ് മേധാവിക്കു പരാതി നല്‍കിയിരിക്കുന്നത്.