പാടശേഖരങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ 4.5 കോടി: മന്ത്രി റോഷി
1601918
Wednesday, October 22, 2025 7:37 AM IST
വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ പാടശേഖരങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 4.5കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ്-എം വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നിയോജകമണ്ഡലത്തിലെ വൈക്കം നഗരസഭയിലേയും അഞ്ച് പഞ്ചായത്തുകളിലും ഉൾപ്പെട്ട വിവിധ പാടശേഖരങ്ങൾക്ക് കുട്ടനാട് പാക്കേജിൽപ്പെടുത്തിയാണ് അപ്പർ കുട്ടനാടൻ മേഖലയായ വൈക്കത്തിന് 4.5 കോടി രൂപ അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു.
കാർഷിക മേഖലയിലെ ഉത്പാദന വർധനവിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് ലൂക്ക് മാത്യുവിന്റെ നേതൃത്വത്തിൽ ഏബ്രഹാം പഴയകടവൻ, ജോയി ചെറുപുഷ്പം, വക്കച്ചൻ മണ്ണത്താലി, പി. വി. കുര്യൻ പ്ലാക്കോട്ടയിൽ, സന്തോഷ് കല്ലറ, റെജി ആറാക്കൻ, എം.സി. ഏബ്രഹാം, ബാബു ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ ആന്റണി കളമ്പുകാടൻ, ടെൽസൺ തോമസ്, സജുമോൻ ജോസഫ്, അനീഷ് തേവരപടിക്കൽ എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാടശേഖരത്തിന് 30 ലക്ഷം, കളത്തോട്- പടിനിരപ്പള്ളി പാടശേഖരം 50 ലക്ഷം, വൈക്കം നഗരസഭ എട്ടാം വാർഡിലെ നാറാണത്ത് പാടശേഖരത്തിന് 50 ലക്ഷം, തലയോലപ്പറമ്പ് പഞ്ചായത്തിലെ ആലങ്കരി പാടശേഖരത്തിന് 75 ലക്ഷം, വെച്ചൂർ പഞ്ചായത്തിലെ പൂവത്തിക്കരി പാടശേഖരത്തിന് 75 ലക്ഷം, പന്നയ്ക്കാതടം പാടശേഖരത്തിന് 25 ലക്ഷം, ഉദയനാപുരം പഞ്ചായത്തിലെ ചാലകം പാടശേഖരത്തിന് 50 ലക്ഷം, ടിവിപുരം പഞ്ചായത്തിലെ പാലോന്ന് പാടശേഖരത്തിന് 50 ലക്ഷമടക്കം 4.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കുട്ടനാട് പാക്കേജിൽ ഒരു നിയോജകമണ്ഡലത്തിൽ കാർഷികമേഖലയുടെ ഉണർവിനായി ഇത്രയും തുക ഒരുമിച്ച് അനുവദിക്കുന്നത് ആദ്യമാണ്. നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ട മുഴുവൻ പാടശേഖരങ്ങൾക്കും തുക അനുവദിച്ച മന്ത്രിയെ പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.