സംവരണ സീറ്റുകൾ : ചങ്ങനാശേരി നഗരസഭയില്‍ പ്രമുഖര്‍ക്ക് തട്ടകങ്ങള്‍ നഷ്ടമായി
1601922
Wednesday, October 22, 2025 7:38 AM IST
ചങ്ങനാശേരി: വനിതാ, പട്ടികജാതി സംവരണ സീറ്റുകള്‍ പ്രഖ്യാപിച്ചതോടെ ചങ്ങനാശേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പ്രമുഖ നേതാക്കള്‍ക്ക് നിലവിലുള്ള തട്ടകങ്ങള്‍ നഷ്ടമാകും.
പൂവക്കാട്ടുചിറ (മൂന്ന്), പാറേല്‍ പള്ളി (ഒമ്പത്), ബോട്ടു ജെട്ടി (31) എന്നീ വാര്‍ഡുകളാണ് പട്ടികജാതി സംവരണ വാര്‍ഡുകളായത്. ഇതില്‍ ഒമ്പതും 31ഉം പട്ടികജാതി സ്ത്രീ സംവരണവും മൂന്ന് പട്ടികജാതി സംവരണവുമാണ്. ഇതുകൂടാതെ ഒന്ന്, രണ്ട്, ആറ്, ഏഴ്, 10, 12, 15, 17, 18, 19, 24, 29, 32, 33, 34, 36, 37 വാര്‍ഡുകളിലാണ് വനിതകള്‍ക്ക് കുറി വീണത്.
യുഡിഎഫ് നേതാക്കളായ ജോമി ജോസഫ്, സന്തോഷ് ആന്റണി, ബെന്നി ജോസഫ്, എല്‍ഡിഎഫ് നേതാക്കളായ മാത്യൂസ് ജോര്‍ജ്, കെ.ആര്. പ്രകാശ്, പി.എ. നസീര്‍, ശിവകുമാര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം വാര്‍ഡുകള്‍ നഷ്ടമായത്. ഇതോടെ ഇവര്‍ സമീപ വാര്‍ഡുകളിള്‍ മത്സരത്തിനുള്ള ശ്രമത്തിലാണ്.
അമ്പതുശതമാനം സംവരണവാര്‍ഡുകളായി മാറിയ സാഹചര്യത്തില്‍ പുരുഷ സ്ഥാനാര്‍ഥികള്‍ക്ക് അവസരം കുറയുമെന്നിരിക്കെ ജനറല്‍ വാര്‍ഡുകളില്‍ വനിതകള്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഇരുമുന്നണികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ എത്തിച്ചേരാനിടയുണ്ട്.
അതേസമയം, യുഡിഎഫില്‍ ഘടക കക്ഷികള്‍ക്കിടയില്‍ സീറ്റുനിര്‍ണയം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
മുസ്ലിംലീഗ് വിജയ സാധ്യതയുള്ള രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ലീഗിന്റെ സിറ്റിംഗ് വാര്‍ഡായ 28, കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡും മുമ്പ് മുസ്ലിംലീഗ് മത്സരിച്ചു ജയിച്ച പെരുന്ന എല്‍പിഎസ് (14), 17 വാര്‍ഡുകളിലുമാണ് ലീഗ് അവകാശവാദമുന്നയിച്ചിരിക്കുന്നത്. ലീഗിന്റെ പ്രമുഖ നേതാക്കളെ മത്സരരംഗത്തിറക്കാനാണ് തീരുമാനം.