തുലാവർഷം കനത്തു : 1,200 ഏക്കർ നെൽക്കൃഷി ഭീഷണിയിൽ
1601915
Wednesday, October 22, 2025 7:37 AM IST
തലയോലപ്പറമ്പ്: തുലാവർഷം ശക്തമായതിനെത്തുടർന്ന് തലയോലപ്പറമ്പ് കൃഷിഭവൻ പരിധിയിൽ വരുന്ന 1200 ഏക്കർ നെൽക്കൃഷി വെള്ളപ്പൊക്ക ഭീഷണിയിൽ. പുഞ്ചക്കൃഷിയുടെ ഭാഗമായി വിതച്ച പാടശേഖരങ്ങളും വിതയ്ക്ക് നിലമൊരുക്കിയ പാടശേഖരങ്ങളും തുലാവർഷക്കെടുതിയുടെ പിടിയിലമരുകയാണ്.
മഴയെത്തുടർന്ന് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതോടെ പുത്തൻതോട് -കരിയാർ തോട് കരകവിഞ്ഞൊഴുകി പാടശേഖരങ്ങളിൽ വെള്ളംകയറി. കൃഷിനാശമൊഴിവാക്കാൻ അടിയം - താഴപ്പള്ളി ഷട്ടർ ഉടൻ അടയ്ക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
പായലും പുല്ലും വളർന്ന് നീരൊഴുക്ക് നിലച്ചു
കരിയാറുമായി ബന്ധപ്പെട്ട് ഒഴുകിയിരുന്ന പുത്തൻതോട്ടിൽ പായലും പുല്ലും പിടിച്ച് നീരൊഴുക്ക് തടസപ്പെട്ടതിനാൽ പെയ്ത്തുവെള്ളം ഒഴുകിപ്പോകാതെ പാടശേഖരങ്ങളിലേക്ക് ഇരച്ചുകയറി. മോട്ടോർ തറകളും വെള്ളംകയറി മുങ്ങിയതോടെ മോട്ടോർ പ്രവർത്തിപ്പിക്കാനും കഴിയുന്നില്ല . മഴയും ഇടിമിന്നലും കാരണം വൈദ്യുതിയും തടസപ്പെടുന്നത് കർഷകരെ ആശങ്കയിലാക്കുകയാണ് .
കൃഷി വകുപ്പും പഞ്ചായത്ത് അധികൃതരും അടിയം-താഴപ്പള്ളി ഷട്ടർ അടയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു കോലത്താർ പാടശേഖരസമിതി ഭാരവാഹികളായ സാബു ജോർജ് മംഗലത്ത്, വി.കെ. ശശിധരൻ വാളവേലി, സി.ഡി. ദിനേശ് തയ്യിൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.