അധികമായി ഈടാക്കിയ ബില്‍ തുക തിരിച്ചുനല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്
1601928
Wednesday, October 22, 2025 7:45 AM IST
ചങ്ങനാശേരി: ക്രെഡിറ്റ് പരിധി കടക്കില്ലെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് റിലയന്‍സ് ജിയോ പ്രീപെയ്ഡ് സിം എടുത്ത ഉപഭോക്താവിന് അധികമായി ഈടാക്കിയ ബില്‍ തുക തിരിച്ചുനല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്. ചങ്ങനാശേരി ചെറുവള്ളി പുതിയേടത്തുവീട്ടില്‍ പി.ജി. രതീഷ് നല്കിയ പരാതിയിലാണ് നടപടി.
റിലയന്‍സ് ജിയോയുടെ ചങ്ങനാശേരി ശാഖയില്‍നിന്ന് പരാതിക്കാരന് ക്രെഡിറ്റ് പ്ലാനില്‍ പ്രീപെയ്ഡ് സിം വാങ്ങുകയും ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനില്‍ 1,102 രൂപയ്ക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് 2024 ഓഗസ്റ്റ് 11ന് മാലദ്വീപില്‍ യാത്ര പോയ പരാതിക്കാരന് ലോക്കല്‍ സിം വാങ്ങി ഉപയോഗിച്ച സമയത്ത് ഓഗസ്റ്റ് 21ന് 27,215 രൂപയുടെ ബില്‍ ലഭിച്ചു. പരാതിയോടൊപ്പം സമര്‍പ്പിച്ച രേഖ പരിശോധിച്ച കമ്മീഷന് പരാതിക്കാരന് എടുത്തിരിക്കുന്ന 999 രൂപയുടെ ഡബ്ല്യുഎംഎന്പി 999 പ്രൈം പ്ലാന്‍ പ്രകാരം 200 ജിബിയുടെ ഹൈ സ്പീഡ് ഡാറ്റയും അധിക ഉപയോഗമായി ഓരോ ജിബിക്കും ലിമിറ്റ് ചേഞ്ച് 10 രൂപയാണെന്നും കണ്ടെത്തി.
2024 ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 10 വരെ 36 ജിബി മാത്രമാണ് പരാതിക്കാരന് ഉപയോഗിച്ചിരിക്കുന്നതെന്നും അത് 200 ജിബിയുടെ ഹൈ സ്പീഡ് ഡാറ്റയില്‍ ഉള്‍പ്പെടുത്തുന്നതാണെന്നും കമ്മീഷന് കണ്ടെത്തി.
ക്രെഡിറ്റ് പരിധി കഴിയുമ്പോള്‍ എസ്എംഎസ് ഇമെയിലായി സന്ദേശം നല്‍കുമെന്ന വാദം തെളിയിക്കാന്‍ എതിര് കക്ഷികള്‍ക്ക് സാധിക്കാത്തതിനാല്‍ 2024 ഒക്ടോബര്‍ 30 മുതല്‍ 9 ശതമാനം പലിശനിരക്കില്‍ 21,435 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 5000 രൂപയും നല്‍കണമെന്ന് അഡ്വ.വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന് ഉത്തരവിട്ടു.